പത്തല്ല... പതിനായിരമല്ല.. ഇരുപതിനായിരം.. കര്‍ഷകക്കടലായി ഇന്‍ഫാം കര്‍ഷക മഹാറാലി. കൊഴുപ്പേകി ചെണ്ടമേളവും ബാന്റ്സെറ്റും തേവരാട്ടവും കോല്‍കളിയും
കട്ടപ്പന: ഇരുപതിനായിരത്തോളം വരുന്ന കര്‍ഷകരെ അണിനിരത്തി ഇന്‍ഫാം രജതജൂബിലി സമാപന ആഘോഷങ്ങളുടെ ഭാഗമായി കട്ടപ്പനയില്‍ നടന്ന കര്‍ഷക മഹാറാലി വര്‍ണാഭമായി.
ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ റാലി ഫ്ളാഗ്ഓഫ് ചെയ്തു. സംഘടനാശക്തി വിളിച്ചോതിയ മഹാറാലിയില്‍ ഇന്‍ഫാം കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, കണ്ണൂര്‍, കോതമംഗലം, മാവേലിക്കര, പാറശാല, പുനലൂര്‍, തലശ്ശേരി, താമരശ്ശേരി, തിരുവല്ല കാര്‍ഷികജില്ലകള്‍ക്കു പുറമേ തമിഴ്നാട്, ഗുജറാത്ത്, ഗോവ, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരും റാലിയില്‍ പങ്കെടുത്തു.

റാലി ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിച്ച് ടൗണ്‍ ചുറ്റി സമ്മേളന നഗരിയായ കട്ടപ്പന സെന്റ് ജോര്‍ജ് പാരിഷ്ഹാളില്‍ സമാപിച്ചു. റാലിയുടെ മുന്‍വശം സമ്മേളന നഗരിയില്‍ എത്തിയപ്പോഴും റാലിയുടെ അവസാന നിര ഓസാനാം, സെന്റ് ജോര്‍ജ് സ്‌കൂള്‍ ഗ്രൗണ്ടുകളില്‍ നിന്ന് നീങ്ങിയിരുന്നില്ല.
ഇരുപതിനായിരം ഇന്‍ഫാം തൊപ്പികളാണ് ജാഥയില്‍ വിതരണം ചെയ്തത്. പക്ഷേ അതുപോലും തികഞ്ഞില്ല എന്നാണ് സംഘാടകര്‍ പറഞ്ഞത്.
ചെണ്ടമേളം, ബാന്റ്സെറ്റ്, നാദസ്വരം, തകില്‍, തേവരാട്ടം, കോല്‍കളി എന്നിവ റാലിയ്ക്ക് കൊഴുപ്പേകി.

ഓഡിറ്റോറിയത്തില്‍ പ്രത്യേകം ക്രമീകരിച്ചിരുന്ന അമര്‍കിസാന്‍ മണ്ഡപത്തില്‍ ദീപശിഖയും പുഷ്പചക്രവും സമര്‍പ്പിച്ച് മണ്‍മറഞ്ഞ കര്‍ഷകര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചശേഷമാണ് സമ്മേളനം ആരംഭിച്ചത്.
ഇരുപതിനായിരത്തോളം വരുന്ന കര്‍ഷകരെ റാലിയില്‍ ബുദ്ധിമുട്ടുകള്‍ കൂടാതെ അണിചേര്‍ക്കാനും വാഹന ഗതാഗതത്തിനു തടസംകൂടാതെ റാലി നിയന്ത്രിക്കാനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

കൂടാതെ ഉപയോഗശേഷം ഉപേക്ഷിച്ച കുടിവെള്ള കുപ്പികളും മറ്റും ശേഖരിച്ച് ടൗണ്‍ ക്ലീന്‍ ചെയ്യാനും പ്രത്യേക വോളണ്ടിയേഴ്സും ഉണ്ടായിരുന്നു.