ഇന്‍ഫാം പ്രവർത്തനങ്ങള്‍ക്കു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് വിഡി സതീശന്‍. ഉപാധിരഹിത പട്ടയവും ഉല്‍പ്പാദനച്ചെലവിനനുസരിച്ചുള്ള തറവിലയും താങ്ങുവിലയും കര്‍ഷകര്‍ക്ക് ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ്

 
 vd satheesan inauguration-2.jpg 0.7

കട്ടപ്പന: കര്‍ഷക വിഷയങ്ങളില്‍ ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നടക്കുന്നതു വലിയ പോരാട്ടമെന്നും ഇന്‍ഫാം പ്രവർത്തനങ്ങള്‍ക്കു പൂര്‍ണമായ പിന്തുണ പ്രഖ്യാപിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇന്‍ഫാം രജതജൂബിലി സമാപനാഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം കട്ടപ്പന സെന്റ് ജോര്‍ജ് പാരിഷ്ഹാളിലെ ഫാ. മാത്യു വടക്കേമുറി നഗറില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഉപാധിരഹിത പട്ടയമാണു കര്‍ഷകര്‍ക്കു നല്‍കേണ്ടത്. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പാദനച്ചിലവിനനുസരിച്ചാണു കാര്‍ഷിക ഉല്‍പ്പന്നത്തിന്റെ തറവിലയും താങ്ങുവിലയും പ്രഖ്യാപിക്കേണ്ടത്. 

infam silver jubilee-6

ആ സ്ഥിതിയിലേക്കു കര്‍ഷകര്‍ക്ക് സുരക്ഷിതത്വമുണ്ടാക്കുന്ന മിനിമം സപ്പോര്‍ട്ട് പ്രൈസ് പ്രധാനപ്പെട്ട എല്ലാ കാര്‍ഷിക വിളകള്‍ക്കും ഉണ്ടാകണം. ഇക്കാര്യത്തില്‍ വലിയ പോരാട്ടമാണ് ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ആ പോരാട്ടത്തിനു പൂര്‍ണമായ പിന്തുണ രജതജൂബിലി സമ്മളനത്തില്‍ പ്രഖ്യാപിക്കുന്നു. 

ഇന്‍ഫാം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ പ്രവൃത്തിപദത്തിലെത്തിക്കാന്‍ കൂടെയുണ്ടാകുമെന്നും പാലിന്റെ വിലകൂട്ടണം എന്ന് ആദ്യമായി നിയമസഭയില്‍ ആവശ്യപ്പെട്ട പ്രതിപക്ഷമാണ് ഇപ്പോഴത്തേത്. 

പാലിന്റെ വിലകൂട്ടി ക്ഷീര കര്‍ഷകരെ രക്ഷിക്കണമെന്ന പരസ്യമായ നിലപാടെടുത്തവരാണു ഞങ്ങളെന്നും  പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

infam silver jubilee-4

കര്‍ഷകര്‍ എന്നത് ഏതു രാജ്യത്തിന്റെയും നാടിന്റെയും സമ്പദ്ഘടനയുടെ അടിസ്ഥാനമാണെന്നു യോഗത്തില്‍ അധ്യക്ഷതവഹിച്ച ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരിയും രൂപതാധ്യക്ഷനുമായ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. 

കര്‍ഷകരുടെ വിവിധങ്ങളായ പ്രശ്നങ്ങളില്‍ ഇന്‍ഫാം ഇടപെട്ടു. ഇന്‍ഫാം മുന്നോട്ടുവച്ച പല കര്‍ഷക പ്രശ്നങ്ങളിലും സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ച് കര്‍ഷകരെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇനിയും തീരാത്ത ഒരുപിടി പ്രശ്നങ്ങളുണ്ട്. 

പട്ടയ പ്രശ്നങ്ങള്‍ തീര്‍ന്നിട്ടില്ല. വന്യമൃഗ ശല്യവുമായിബന്ധപ്പെട്ട പ്രശ്നം നിയമത്തിന്റെ സാങ്കേതികക്കുരുക്ക് പറഞ്ഞ് നിസഹായത പറഞ്ഞ് നിശബ്ദരാകുന്ന സമീപനം പാടില്ല. ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തണം. നിയമാനുസൃതമായി ചെയ്യാവുന്ന പല കാര്യങ്ങളും അലംഭാവം കൂടാതെ പരിഹരിക്കാന്‍ സാധിക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.

infam silver jubilee-7

കാര്‍ഷിക മേഖലയെ വന്യമൃഗങ്ങളില്‍ നിന്നു സംരക്ഷിക്കുന്നതിനു ത്രിതല പഞ്ചായത്തുകള്‍ക്കു ലഭിച്ചിരിക്കുന്ന ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജനപ്രതിനിധികള്‍ അലംഭാവമില്ലാതെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്ന് ആമുഖ പ്രഭാഷണം നടത്തിയ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. 

കേരളത്തിന്റെ കാര്‍ഷിക മേഖലയെന്ന അമ്മയെ ദുര്‍ബലയും രോഗിയും ശയ്യാവലംബയും ആക്കാതിരിക്കാന്‍ കാര്‍ഷികേതര കേരളം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍ഫാം അനേക കര്‍ഷകര്‍ക്കു താങ്ങും തണലുമായിത്തീര്‍ന്നതായി അനുഗ്രഹ പ്രഭാഷണം നടത്തിയ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. ഒരു ജനതയുടെ വികസന വഴികളില്‍ ഇന്‍ഫാം നടത്തിയ പരിശ്രമങ്ങള്‍ ശ്രദ്ധേയമായിരുന്നെന്നും മാര്‍ മാത്യു അറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ മൈക്രോ ഇറിഗേഷന്‍ പ്രൊജക്ട് നടപ്പിലാക്കുന്നതിനായി രണ്ടു കോടി രൂപ ഇന്‍ഫാം പറയുന്ന മേഖലയില്‍ നല്‍കാന്‍ തയാറാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 

ഒരു മേഖലയില്‍ പരീക്ഷിച്ച് ഭാവിയില്‍ മറ്റു മേഖലയിലേക്ക് ഗുണകരമാക്കാന്‍ പറ്റുമോയെന്ന് ശ്രദ്ധിക്കാം. രണ്ടു മാസത്തിനുള്ളില്‍ അതിനാവശ്യമായ ഭരണാനുമതി നല്‍കാന്‍ സാധിക്കുമെന്നും മുഖ്യപ്രഭാഷണം മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

infam silver jubilee-5

ഡീന്‍ കുര്യാക്കോസ് എംപി, ഇന്‍ഫാം ദേശീയ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, കട്ടപ്പന മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, കട്ടപ്പന താലൂക്ക് രക്ഷാധികാരി ഫാ. ജോസ് മംഗലത്തില്‍, തമിഴ്നാട് കാര്‍ഷിക ജില്ലാ പ്രസിഡന്റ് ആര്‍.കെ. താമോദരന്‍, ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

സമ്മേളനത്തിനു മുന്നോടിയായി ഓസാനാം സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും സെന്റ് ജോര്‍ജ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നുമായി ആരംഭിച്ച കര്‍ഷക മഹാറാലിയില്‍ ഇന്‍ഫാം കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, കണ്ണൂര്‍, കോതമംഗലം, മാവേലിക്കര, പാറശാല, പുനലൂര്‍, തലശ്ശേരി, താമരശ്ശേരി, തിരുവല്ല കാര്‍ഷികജില്ലകളിലെ കര്‍ഷകര്‍ക്കു പുറമേ തമിഴ്നാട്, ഗുജറാത്ത്, ഗോവ, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടെ പതിനേഴായിരത്തില്‍ പരം ആളുകള്‍ പങ്കെടുത്തു.

Tags

Share this story

From Around the Web