കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഇന്നു രാജ്യത്തെ 11 സംസ്ഥാനങ്ങളിലേക്കും ഇന്‍ഫാം വളര്‍ന്നുവെന്നു ഫാ. തോമസ് മറ്റമുണ്ടയില്‍

 
 thomas mattamundayil infam.jpg 0.6

കട്ടപ്പന: കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് രാജ്യത്തെ 11 സംസ്ഥാനങ്ങളിലേക്കും ഇന്‍ഫാം വളര്‍ന്നതെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം രജതജൂബിലി സമാപനാഘോഷങ്ങളുടെ ഭാഗമായുള്ള കട്ടപ്പനയിലെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ഇന്‍ഫാമിന്റെ പ്രവര്‍ത്തനം ആരംഭ ഘട്ടത്തില്‍ വലിയ ഒരു ആവേശമായിരുന്നുവെങ്കിലും കുറച്ചു കാലങ്ങള്‍ക്കുശേഷം അതിന്റെ പ്രവര്‍ത്തനത്തില്‍ ചെറിയ മാന്ദ്യം ഉണ്ടായി എന്നതും ഒരു സത്യമാണ്. 

infam silver jubilee-10

എന്നാല്‍, കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, സുസ്ഥിരവും സുരക്ഷിതവും സുസംഘടിതവുമായ ഒരു കാര്‍ഷിക സമൂഹത്തെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നവമായ ഒരു ദര്‍ശനം ഇന്‍ഫാം സ്വായത്തമാക്കി.  

നൂതന കാര്‍ഷിക സാങ്കേതികവിദ്യകള്‍ അവലംബിച്ചുകൊണ്ടും മണ്ണിന്റെ പി.എച്ച് ക്രമീകരിച്ചു മൃതപ്രായ മണ്ണിനെ പുനര്‍ജനിപ്പിച്ചുകൊണ്ടും മണ്ണിന്റെ സി:എന്‍ റേഷ്യോ (കാര്‍ബണ്‍ നൈട്രജന്‍ അനുപാതം) ക്രമീകരിച്ച് ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിച്ചുകൊണ്ടും പരിസ്ഥിതിക്ക് അനുയോജ്യവും സുസ്ഥിരവുമായ കൃഷിയിടങ്ങള്‍ സൃഷ്ടിച്ച് തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം നിര്‍വഹിക്കുവാനും സ്വന്തം ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും കര്‍ഷകരെ പ്രാപ്തരാക്കാന്‍ ഇന്‍ഫാം പ്രയത്നിക്കുന്നു. 

infam rally-2

രാജ്യത്തെ ചെറുകിട നാമമാത്ര കര്‍ഷകരെ സംഘടിപ്പിച്ചുകൊണ്ടു വളരെ വേഗത്തിലുള്ള വളര്‍ച്ച കൈവരിക്കുവാന്‍ ഈ സംഘടനയ്ക്കു സാധിച്ചുവെന്നത് ഏറെ അഭിമാനകരമാണ്.

ഇന്‍ഫാം ഒരു ദേശീയ സംഘടനയായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഈ സമീപ കാലംവരെ സംഘടനയുടെ പ്രവര്‍ത്തനം കേരള സംസ്ഥാനത്തു മാത്രമായി ഒതുങ്ങി നില്‍ക്കുകയായിരുന്നു. 

എന്നാല്‍, വികേന്ദ്രീകൃത വികസനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി അറിവിന്റെയും സാങ്കേതികവിദ്യകളുടെയും കൈമാറ്റവും വിത്തിനങ്ങളുടെയും കാര്‍ഷിക സംസ്‌കൃതിയുടെയും കൈമാറ്റവും കാര്‍ഷിക വിഭവങ്ങളുടെ സംഭരണവും അവയുടെ സംസ്‌കരണം ലക്ഷ്യംവച്ചുള്ള ഉല്‍പ്പാദന യൂണിറ്റുകളുടെ സ്ഥാപനവും, അതുമൂലമുണ്ടാകുന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണന ശൃംഖലയുടെ വ്യാപനവും ലക്ഷ്യംവച്ചുകൊണ്ട് ഇന്ത്യാ മഹാരാജ്യത്തെ 11 സംസ്ഥാനങ്ങളിലേക്കും ഇന്‍ഫാം എന്ന സംഘടനയെ വ്യാപിപ്പിക്കാന്‍ സാധിച്ചു. 

infam idukki

ഈ പ്രയത്നങ്ങളുടെ ഫലമായി കേരള സംസ്ഥാനത്തില്‍ ആകെയുള്ള 14 റവന്യു ജില്ലകളില്‍ 13 ജില്ലകളിലും പ്രവര്‍ത്തിക്കുന്ന ഈ സംഘടന കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, ഒറീസ, അരുണാചല്‍പ്രദേശ്, ആസാം എന്നീ സംസ്ഥാനങ്ങളില്‍ ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വേണ്ടി ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും കാര്‍ഷികജില്ലാ തലങ്ങളിലും കാര്‍ഷിക താലൂക്ക് തലങ്ങളിലും കാര്‍ഷിക ഗ്രാമ തലങ്ങളിലും കാര്‍ഷിക യൂണിറ്റ് തലങ്ങളിലും കര്‍ഷക കുടുംബ തലങ്ങളിലും സംഘടനയുടെ ഭരണസംവിധാനം രൂപപ്പെടുത്തി ചലനാത്മകമാക്കാന്‍ സാധിച്ചു എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.

infamm idukki

വരും നാളുകളില്‍ ആയിരക്കണക്കിനു കര്‍ഷകരുടെ നിറസാന്നിധ്യം വിളിച്ചോതിക്കൊണ്ടു നിരവധിയായ പരിപാടികളാണു രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്‍ഫാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  

അമ്പതില്‍പരം വര്‍ഷങ്ങള്‍ ഈ മണ്ണില്‍ അധ്വാനിച്ച് കൃഷി ചെയ്ത് നമ്മുടെ നാടിനെ അന്നമൂട്ടിയ 75 വയസ് പൂര്‍ത്തിയാക്കിയ 1500 ഓളം കര്‍ഷകര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനുവേണ്ടി ഏര്‍പ്പെടുത്തിയ വീര്‍കിസാന്‍ ഭൂമിപുത്ര അവാര്‍ഡ് ചടങ്ങ് ജനുവരി 20ന് കുട്ടിക്കാനം മരിയന്‍ കോളജിലെ ഫാ. ആന്റണി കൊഴുവനാല്‍ നഗറില്‍ നടക്കും.

23-ന് കാഞ്ഞിരപ്പള്ളി മഹാജൂബിലി ഹാളിലെ മൊയ്തീന്‍ ഹാജി നഗറില്‍ വച്ച് സംഘടനാ ശാക്തീകരണം ലക്ഷ്യംവച്ച് ഇന്‍ഫാം ലീഡേഴ്സ് മീറ്റ് നടക്കും.  കേരളത്തിന്റെ ഭക്ഷ്യ സുഭിക്ഷിതയ്ക്കായി പത്തായം നിറയ്ക്കല്‍ പദ്ധതിയുമായി കര്‍ഷക സംഗമം 27-ാം തീയതി പൊടിമറ്റത്ത് ഫാ. ഗ്രിഗറി ഓണംകുളം നഗറില്‍ നടക്കും. 

bike rally

വീടും തൊടിയും ഹരിതാഭമാക്കുവാന്‍ വിഷരഹിത പച്ചക്കറി കൃഷിയിലൂടെ സ്വയംപര്യാപ്ത കര്‍ഷക കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുന്ന പച്ചപ്പൊലിമ പ്രോഗ്രാം 29ന് പൊടിമറ്റത്ത് ഡോ. എം.സി. ജോര്‍ജ് നഗറില്‍ വച്ച് നടത്തപ്പെടും.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരുടെ നെഞ്ചില്‍ ഉറങ്ങുന്ന കലാവാസനകള്‍ക്ക് അരങ്ങ് ഒരുക്കുന്ന കൈക്കോട്ടും ചിലങ്കയും എന്ന കിസാന്‍ കാര്‍ണിവല്‍  31 ന് പൊടിമറ്റത്ത്  ബേബി പെരുമാലില്‍ നഗറില്‍ നടക്കും.

infam silver jubilee-5

ഫെബ്രുവരി 1-ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പൊടിമറ്റം സെന്റ് ഡൊമിനിക്സ് കോളജിന്റെ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കപ്പെടുന്ന ഫാ. മാത്യു വടക്കേമുറി നഗറില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍, സുഭിക്ഷ ഭാരതത്തിനു സുരക്ഷിത ഭക്ഷണമൊരുക്കുക എന്ന മുദ്രാവാക്യവുമായി സംഘടനാംഗങ്ങളായ കര്‍ഷകര്‍ക്കുവേണ്ടി ഇന്‍ഫാം പ്രഖ്യാപിക്കുന്ന പഞ്ചവത്സര പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നതോടുകൂടി ഇന്‍ഫാം രജത ജൂബിലി ആഘോഷങ്ങള്‍ക്കു പരിസമാപ്തിയാകുമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.

Tags

Share this story

From Around the Web