ഇൻഫാം കിസാൻ ഫെയർ ട്രേഡ് പ്രീമിയം. കർഷകർക്ക് അർഹിച്ച നേട്ടത്തിന്റെ മധുരം. ലാഭവിഹിത വിതരണം ആരംഭിച്ചു. ഇത്തരം മുന്നേറ്റങ്ങൾ കേരളത്തിലെ കാർഷിക മേഖലയ്ക്ക് പ്രതീക്ഷയും കരുത്തും പകരുന്നു
കോട്ടയം: കർഷകരുടെ അധ്വാനത്തിന് കൃത്യമായ വിലയും അർഹമായ അംഗീകാരവും ഉറപ്പാക്കി ഇൻഫാം. ഇന്‍ഫാം സംഘടനാം ഗങ്ങളായ കര്‍ഷകരില്‍ നിന്ന് സമാഹരിച്ച കാര്‍ഷിക വിളകള്‍ മൂല്യവര്‍ധിതമാക്കി വിപണിയില്‍ വിറ്റുകിട്ടിയ ലാഭത്തിന്റെ ഒരു വിഹിതം കര്‍ഷകര്‍ക്ക് നല്‍കുന്ന ‘ഇന്‍ഫാം കിസാന്‍ ഫെയര്‍ ട്രേഡ് പ്രീമിയ’ത്തിന്റെ വിതരണവും കർഷക ദിനത്തോടനുബന്ധിച്ചു നടന്നു.

പരമ്പരാഗത വിപണിയിലെ ചൂഷണങ്ങൾക്കും ഇടനിലക്കാരുടെ തിരിമറികൾക്കും അപ്പുറം, കർഷകനെത്തന്നെ ഉൽപ്പാദനത്തിന്റെയും വിപണനത്തിന്റെയും ലാഭത്തിന്റെയും പങ്കാളിയാക്കാൻ കഴിഞ്ഞു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.
വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ കാർഷിക ജില്ലകളുടെ നേതൃത്വത്തിൽ, പ്രശസ്ത സാമൂഹ്യ സന്നദ്ധ സംഘടനകളുമായും സമാന ലക്ഷ്യമുള്ള സ്ഥാപനങ്ങളുമായും കൈകോർത്താണ് ഇൻഫാം ഈ മാതൃകാപരമായ നേട്ടം കൈവരിച്ചത്.

വിളകൾ അതേപടി വിൽക്കുന്നതിന് പകരം മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കി മാറ്റിയതിലൂടെ വിപണിയിൽ ഉയർന്ന വില നേടാൻ സാധിച്ചു. കൃഷിയിലൂടെ ലഭിച്ച അറ്റാദായത്തിന്റെ നിശ്ചിത വിഹിതം 'ഫെയർ ട്രേഡ് പ്രീമിയം' അഥവാ ബോണസായി നേരിട്ട് കർഷകരുടെ കൈകളിലെത്തിക്കുകയാണ് ഇൻഫാം ചെയ്യുന്നത്.

കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ, കൂട്ടായ്മയുടെയും ആധുനിക വിപണന തന്ത്രങ്ങളുടെയും കരുത്തിൽ ഇൻഫാം കൈവരിച്ച ഈ വിജയം മറ്റ് കാർഷിക കൂട്ടായ്മകൾക്കും വലിയ മാതൃകയാണ്. ഉൽപ്പാദകന് തന്നെ ലാഭത്തിന്റെ വിഹിതം ലഭിക്കുന്ന ഇത്തരം മുന്നേറ്റങ്ങൾ കേരളത്തിലെ കാർഷിക മേഖലയ്ക്ക് പ്രതീക്ഷയും കരുത്തും പകരുന്നതാണ്. പദ്ധതിയെക്കുറിച്ച് ദേശീയ ചെർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ വിശദീകരിച്ചു.