കോവിഡ്, പ്രളയ കാലഘട്ടങ്ങളിൽ ദുരിതബാധിതർക്കിടയിൽ ഇറങ്ങിപ്രവർത്തിച്ച ജനനേതാവാണ് പുതിയ കൃഷിമന്ത്രി ടി. സിദ്ദീഖ് എന്നു ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ. മന്ത്രി ടി സിദ്ധിഖിനെ പ്രശംസിച്ച് ഇൻഫാം
പാറത്തോട്: കോവിഡ്, പ്രളയ കാലഘട്ടങ്ങളിൽ ദുരിതബാധിതർക്കിടയിൽ ഇറങ്ങിപ്രവർത്തിച്ച ജനനേതാവാണ് കൃഷിമന്ത്രി ടി സിദ്ദീഖ് എന്നു ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ.

കർഷകദിനാഘോഷങ്ങളുടെ ഭാഗമായി ഇൻഫാം കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് സംഘടിപ്പിച്ച 'കാർഷികരാവ്' പരിപാടിയിലായിരുന്നു കൃഷിമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും ദേശീയ ചെയർമാൻ പ്രശംസിച്ചത്.

കാർഷികമേഖലയുടെ പ്രസക്തി മനസ്സിലാക്കി കർഷകരെ സഹായിക്കുന്നതിൽ ക്രിയാത്മകമായ നടപടികളും പദ്ധതികളും ആവിഷ്കരിക്കുന്നതിൽ നൈപുണ്യം പുലർത്തുന്ന വ്യക്തിയാണ് നമ്മുടെ കൃഷി മന്ത്രി.

പ്രകൃതിക്ഷോഭങ്ങളുടെയും സാംക്രമിക രോഗങ്ങളുടെയും പിടിയിലമർന്ന് നമ്മുടെ സംസ്ഥാനം വിറങ്ങലിച്ചു നിന്നപ്പോൾ ദുരന്തഭൂമികളിലൂടെ ഓടി നടന്ന് ദുരിതത്തിലകപ്പെട്ടുപോയ മനുഷ്യർക്ക് ഒപ്പം നിന്ന ടി. സിദ്ദിഖ് എന്ന ജനനേതാവിനെ കേരളം ഒരുകാലത്തും മറക്കില്ല.

കോവിഡ് കാലത്ത് ദുരിതത്തിലായിപ്പോയ മനുഷ്യർക്ക് നിത്യോപയോഗ സാധനങ്ങൾ തലച്ചുമടായി കൊണ്ടുപോയി എത്തിച്ചു നൽകുന്ന ഈ നേതാവിനെ കേരളം മാധ്യമങ്ങളിലൂടെ കണ്ടതാണ്.

2018-19 കാലത്ത് പ്രളയത്തിലകപ്പെട്ട മനുഷ്യരെ ജീവിതത്തിലേക്ക് കരകയറ്റാൻ വെള്ളത്തിലും വള്ളത്തിലുമായി പ്രവർത്തനനിരതനായിരുന്ന ഒരു സമർപ്പിത പൊതുപ്രവർത്തകനായിരുന്നു ഇദ്ദേഹം. ദ ഹിന്ദു പത്രം പ്രളയമുഖത്തെ സിദ്ദിഖ് എന്ന നേതാവിന്റെ ഇടപെടലുകൾ പ്രസിദ്ധീകരിച്ചത് ഇപ്പോഴും നമ്മുടെയൊക്കെ ഓർമ്മയിലുണ്ട്.

മണ്ണിനെയും മനുഷ്യനെയും ഇത്രയധികം സ്നേഹിച്ച അതിർവരമ്പുകൾ ഇല്ലാതെ അവരോടൊപ്പം ഇടപഴകിയ ഒരു പൊതുപ്രവർത്തകനെയാണ് നമ്മുടെ കേരളത്തിന് കൃഷിമന്ത്രിയായി ലഭിച്ചിരിക്കുന്നത് എന്നതിൽ അഭിമാനിക്കാം.

ഈ കർഷകദിനം അഡ്വ. ടി സിദ്ദിഖ് കൃഷിമന്ത്രിയായിരിക്കുന്ന കേരള ഗവൺമെന്റിന് ഒരു അഭിനന്ദനവും നന്ദിയും അറിയിക്കാനുള്ള അവസരം കൂടിയായി വിനിയോഗിക്കുകയാണ്.

ഇൻഫാമിന്റെ സിൽവർ ജൂബിലിയുടെ ഭാഗമായി കട്ടപ്പനയിൽ നടത്തിയ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുത്ത അന്ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ്റെ ശ്രദ്ധയിൽപ്പെടുത്തിയ കാർഷിക മേഖലയിലെ ഏതാനും ചില പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഈ കർഷകദിനത്തിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.

മുഖ്യമന്ത്രി വി.ഡി. സതീശൻ കർഷകദിനത്തിൽ കർഷകർക്ക് നൽകിയിരിക്കുന്ന പ്രത്യാശാ നിർഭരമായ വാഗ്ദാനങ്ങൾ ഇൻഫാം സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നതായും ഫാ. മറ്റമുണ്ടയിൽ പറഞ്ഞു.

സംസ്ഥാനത്ത് റബ്ബറിന്റെ വില 300 രൂപയാക്കുമെന്നും നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും വന്യമൃഗ ആക്രമണം തടയാൻ പുരാതനവും ആധുനികവുമായ സംവിധാനങ്ങളെ സംയോജിപ്പിച്ചുകൊണ്ട് നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

എന്നാൽ, അദ്ദേഹം ഇന്ന് നടത്തിയ അറിയിപ്പിൽ ഏറ്റവും ശ്രദ്ധേയമായത് ആവശ്യമായ ഭൂനിയമ ഭേദഗതികൾ ഉണ്ടാക്കുമെന്നും അതിന് രണ്ടാം ഭൂപരിഷ്കരണം നടത്തുമെന്നുള്ളതാണെന്നും ഫാ. തോമസ് മാറ്റമുണ്ടയിൽ പറഞ്ഞു.

1963 ൽ ഭൂപരിഷ്കരണ നിയമം കേരളത്തിൽ വരുമ്പോൾ കേരളത്തിലെ ജനസംഖ്യ ഏകദേശം ഒരു കോടി 70 ലക്ഷത്തിൽ താഴെയായിരുന്നു. അന്ന് കേരളത്തിലെ കുടുംബങ്ങളുടെ എണ്ണം 28 ലക്ഷത്തിനും 32 ലക്ഷത്തിനും ഇടയിലായിരുന്നു. അംഗസംഖ്യ കൂടുതലുള്ളതും കൂട്ടുകുടുംബങ്ങളുമാണ് അന്ന് കേരളത്തിൽ ഉണ്ടായിരുന്നത്.

എന്നാൽ, 2026 ൽ കേരളത്തിന്റെ ജനസംഖ്യ ഏകദേശം മൂന്നു കോടി 60 ലക്ഷമാണ്. കുടുംബങ്ങളുടെ എണ്ണം ഇപ്പോൾ ഏകദേശം 80 ലക്ഷത്തിനും 85 ലക്ഷത്തിനും ഇടയിലാണ്.

അതുകൊണ്ട് രണ്ടാം ഭൂപരിഷ്കരണം നടപ്പിലാക്കുക എന്നത് ഈ കാലഘട്ടത്തിന്റെ അനിവാര്യത തന്നെയാണ്. ഈ പ്രഖ്യാപനങ്ങളെയെല്ലാം പ്രവർത്തിപഥത്തിലെത്തിക്കാൻ കഴിവും പ്രാപ്തിയുമുള്ള ഒരു കൃഷിമന്ത്രിയെയാണ് നമുക്ക് ലഭിച്ചിട്ടുള്ളത് എന്നതിൽ അഭിമാനമുണ്ടെന്നും ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു.