മലബാര്‍ കുടിയേറ്റത്തിന്റെ സ്മരണകളുണര്‍ത്തി ഇന്‍ഫാം കര്‍ഷക മഹാ സംഗമം
തിരുവമ്പാടി: മലബാര്‍ കുടിയേറ്റത്തിന്റെ സ്മരണകളുണര്‍ത്തി ഇന്‍ഫാം കര്‍ഷക മഹാ സംഗമം കോഴിക്കോട് തിരുവമ്പാടിയില്‍ നടന്നു.
മലബാര്‍ മേഖലയിലെ വിവിധ കാര്‍ഷികജില്ലകളില്‍ നിന്നുള്ള കര്‍ഷക കുടുംബത്തിലെ പ്രതിനിധികളാണ് പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തത്.
ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷതവഹിച്ച യോഗം കേരള സംസ്ഥാന കൃഷി മന്ത്രി അഡ്വ. ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു.

ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ മുഖ്യപ്രഭാഷണം നടത്തി. തിരുവമ്പാടി എംഎല്‍എ സി.കെ. കാസിം, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിന്‍ പല്ലാട്ട്, താമരശേരി വികാരി ജനറാള്‍ മോണ്‍. എബ്രഹാം വയലില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
ചെറുകിട കര്‍ഷകരുടെ ക്ഷേമത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി അധ്വാനിക്കുന്ന ഇന്‍ഫാം എന്ന കര്‍ഷക സംഘടന, അതിന്റെ ക്രിയാത്മകവും ഫലപ്രദവുമായ പ്രവര്‍ത്തന മികവിനായി കേരളത്തെ ദക്ഷിണമേഖല, മധ്യമേഖല, ഉത്തര മേഖല എന്നിങ്ങനെ മൂന്നു സോണുകളായി തിരിച്ചിട്ടുണ്ട്.
ഇതില്‍ ഉത്തര മേഖലയിലെ താമരശേരി, തലശേരി, കോഴിക്കോട്, കണ്ണൂര്‍ കാര്‍ഷിക ജില്ലകളുടെ നേതൃത്വത്തിലാണ് തിരുവമ്പാടിയില്‍ വച്ച് ഇന്‍ഫാം മലബാര്‍ കര്‍ഷക മഹാ സംഗമം നടന്നത്.
ഇന്‍ഫാം ദേശീയ രക്ഷാധികാരി അഭി. മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പിതാവിന്റെ അനുഗ്രഹാശിസുകളോടെ നടത്തപ്പെട്ട ഈ സമ്മേളനം കേരളത്തെ അന്നമൂട്ടാന്‍ വേണ്ടി ചെറുകിട കര്‍ഷകര്‍ നടത്തിയ മലബാര്‍ കുടിയേറ്റത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിരുന്നു.
ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മലബാര്‍ കുടിയേറ്റത്തിന്റെ ചരിത്രത്തെക്കുറിച്ചും ചെറുകിട കര്‍ഷക മുന്നേറ്റത്തെക്കുറിച്ചും മലബാറിന്റെ വികസനത്തിന് കര്‍ഷക സമൂഹം നല്‍കിയ സംഭാവനകളെക്കുറിച്ചും അനുസ്മരിച്ച് പ്രസംഗിച്ചു.

മലബാറിന്റെ വികസനചരിത്രത്തില്‍ കുടിയേറ്റ കര്‍ഷകരുടെ പങ്ക് തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെടേണ്ടതാണെന്നും ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
പ്രക്ഷുബ്ദവും പ്രതികൂലവുമായ കാലാവസ്ഥയോടും കാട്ടുമൃഗങ്ങളോടും പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെട്ട മാരക രോഗങ്ങളോടും പോരാടി കേരളത്തിന്റെ വളര്‍ച്ചയ്ക്ക് മലബാര്‍ കുടിയേറ്റ കര്‍ഷകര്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് കേരളത്തിന്റെ കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് അനുസ്മരിച്ചു.

മലബാറിന്റെ വികസനത്തിന് കര്‍ഷകര്‍ നല്‍കിയ സംഭാവനകളെയും, പ്രതികൂല സാഹചര്യങ്ങളില്‍ ജീവന്‍ പണയംവെച്ചും കൃഷിയിലൂടെ കേരളത്തെ പോറ്റിയ അവരുടെ സമര്‍പ്പിത സ്‌നേഹത്തെയും ഇന്‍ഫാം നന്ദിയോടെ അനുസ്മരിക്കുന്നുവെന്നു ഇന്‍ഫാം നാഷണല്‍ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
ഒപ്പം കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലം മലബാറിലെ ചെറുകിട കര്‍ഷകരെ ഇന്‍ഫാം എന്ന സംഘടനയിലൂടെ ഏകോപിപ്പിച്ച് നേതൃത്വം നല്‍കിയ ദിവംഗതനായ ഇന്‍ഫാം നാഷണല്‍ സെക്രട്ടറി ആന്റണി കൊഴുവനാല്‍ അച്ചന്റെ പ്രവര്‍ത്തനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു.

നീണ്ട 19 വര്‍ഷക്കാലം ഇന്‍ഫാം നാഷണല്‍ ചെയര്‍മാനായിരുന്ന ജോസഫ് ഒറ്റപ്ലാക്കല്‍ അച്ചനും മലബാറിലെ ഇന്‍ഫാം കര്‍ഷക നേതാക്കള്‍ക്കും അദ്ദേഹം അഭിവാദനം അര്‍പ്പിച്ചു.
ഈ മഹാ സമ്മേളനത്തിന് നേതൃത്വം നല്‍കിയ ഇന്‍ഫാം നാഷണല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയില്‍, ഉത്തര മേഖല ഡയറക്ടര്‍ ഫാ. ജോസഫ് പെണ്ണാപറമ്പില്‍, താമരശേരി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട്,

താമരശേരി കാര്‍ഷികജില്ല പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ ഫാ. സായി പാറന്‍കുളങ്ങര, കണ്ണൂര്‍ കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ജോമോന്‍ ചെമ്പകശേരില്‍, തലശേരി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ബിബിന്‍ വരമ്പകത്ത്, കോഴിക്കോട് കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ജെറാള്‍ഡ് ജോസഫ്, ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി.യു. ജോണ്‍,

സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌കറിയ നെല്ലാംകുഴി, താമരശേരി കാര്‍ഷികജില്ല പ്രസിഡന്റ് ബ്രൗണി നമ്പ്യാപറമ്പില്‍, വിവിധ കാര്‍ഷികജില്ലകളിലെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവരെ നാഷണല്‍ ചെയര്‍മാന്‍ അഭിനന്ദിക്കുകയും അനുമോദിക്കുകയും ചെയ്തു.