കർഷകരുടെ ഭൂമിയും അവകാശങ്ങളും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്. ഇന്‍ഫാമിനെ സംസ്ഥാന കൃഷിവകുപ്പിന്റെ ഭാഗമായി തന്നെ കാണുമെന്നും മന്ത്രി സിദ്ദിഖിന്റെ പ്രഖ്യാപനം
തിരുവമ്പാടി: മലബാറിന്റെ കാർഷിക കുടിയേറ്റത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തിരുവമ്പാടിയിൽ ഇൻഫാമിന്റെ നേതൃത്വത്തിൽ കർഷക മഹാസംഗമം നടത്തി.
പ്രകൃതിയോടും വന്യമൃഗങ്ങളോടും സാംക്രമിക രോഗങ്ങളോടും പൊരുതി ഈ നാടിന് അന്നം തന്ന കുടിയേറ്റ ജനതയുടെ ചരിത്രം പഠനാർഹവും ചരിത്രപരമായി രേഖപ്പെടുത്തേണ്ടതുമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.

കുടിയേറ്റ ചരിത്രം രേഖപ്പെടുത്തുന്നതിനായി ഡിജിറ്റൽ മ്യൂസിയം ഉൾപ്പെടെയുള്ള പദ്ധതികൾ ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
മലയോര കർഷകരെ ആശങ്കപ്പെടുത്തുന്ന ഇ.എസ്.എ സംബന്ധിച്ച വിഷയങ്ങളിൽ സർക്കാർ കർഷകരുടെ പക്ഷത്തായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കർഷകരുടെ ഒരു സെന്റ് ഭൂമി പോലും നഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു നടപടിയും ഉണ്ടാകില്ല. വാസസ്ഥലവും കാർഷിക ഭൂമിയും പൂർണ്ണമായി സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് - മന്ത്രി പറഞ്ഞു.
ദേശീയ രക്ഷാധികാരി മാർ റമിജിയോസ് ഇഞ്ചനാനിയിൽ, ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയിൽ എന്നിവർ ഇ.എസ്.ഐയുമായി ബന്ധപ്പെട്ട വിഷയം സൂചിപ്പിച്ചു.
യുഡിഎഫ് ഗവൺമെന്റ് ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ഒരു ഇഞ്ച് ഭൂമി കർഷകന്റേത് ഇ.എസ്.ഐയായി മാറ്റി മുന്നോട്ടുപോകുന്ന നടപടി ഉണ്ടാകില്ല, അതിനൊരു കോംപ്രമൈസിങ് ഇല്ല.
ഇതിൽ വനം വകുപ്പ് ഒരു പുതിയ പ്രഖ്യാപനം നടത്തി. കേരളത്തിൽ ആദ്യമായാണ് വനം മന്ത്രിയുടെ അത്തരം ഒരു സ്റ്റേറ്റ്മെന്റ് വരുന്നത്. വനം വകുപ്പിന് ഇനി ഒരു സെന്റ് ഭൂമി അധികമായി ആവശ്യമില്ല. ഞങ്ങൾക്കുള്ളത് സംരക്ഷിക്കൽ മാത്രമാണ് ഞങ്ങളുടെ ചുമതല.

ആ നയം കേരളത്തിൽ പ്രഖ്യാപിച്ച സർക്കാരാണ് കേരളത്തിലെ യു.ഡി.എഫ് സർക്കാർ. ഈ സർക്കാരിൻ്റെ കടന്നുവരവിൽ കർഷകന്റെയും കർഷക മലയോര മക്കളുടെയും വിയർപ്പിന്റെ അംശം കൂടെയുണ്ട് - അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷം റിപ്പോർട്ട് കൊടുത്തില്ലായിരുന്നു, നമ്മൾ ഒരു റിപ്പോർട്ട് കൊടുത്തു. റിപ്പോർട്ട് കൊടുത്തത് മാത്രമല്ല, ആ മാപ്പ് നമ്മൾ പുറത്തുവിട്ടു. അത് പബ്ലിക് സ്ക്രൂട്ടനിക്ക് വേണ്ടിയാണ്.
വേണമെങ്കിൽ അത് ഒളിപ്പിച്ചു വെക്കാം. എല്ലാം ക്ലിയർ ആണെന്ന് പറയാം. പക്ഷേ, പബ്ലിക് സ്ക്രൂട്ടനിക്ക് വേണ്ടി മാപ്പ് പുറത്തുവിടുന്നത് സർക്കാർ നിലപാടിൻ്റെ ഭാഗമാണ്.
മുൻപ് ബെന്നി അച്ചനും ഞാനും കൂടെ വിഷയം സംസാരിച്ചിരുന്നു. അദ്ദേഹത്തിൽ നിന്ന് ചിലയിടങ്ങളിൽ ചില പോരായ്മ വന്നു എന്നുള്ള പരാമർശം വളരെ ഉത്തരവാദിത്തത്തോടെയും ഗൗരവത്തോടെയുമാണ് എടുത്തത് - ഇന്‍ഫാം കാര്‍ഷിക ജില്ലാ ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടാനാട്ട് അച്ചന്റെ പരമര്‍ശത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
കേന്ദ്രസംഘം വന്നപ്പോൾ മുഖ്യമന്ത്രി നേരിട്ടു കണ്ടു. ഞങ്ങൾ സബ് കമ്മിറ്റി യോഗം ചേർന്നു, മാസങ്ങൾ നീണ്ട ചർച്ചകൾ നടത്തി. മാപ്പുകൾ പരിശോധിച്ച് അങ്ങനെ തയ്യാറാക്കി.

ഇനി അതിൽ കാവിലുംപാറയുടെ വിഷയം റെമിജിയോസ് പിതാവ് സൂചിപ്പിച്ചു. മറ്റ് ചിലയിടങ്ങളിൽ പ്രശ്നങ്ങളും പറഞ്ഞിട്ടുണ്ട്. ആ പ്രശ്നങ്ങൾ വളരെ ഗൗരവത്തോടുകൂടി എടുക്കും.
ഒരു ഇഞ്ച് ഭൂമി പോലും കർഷകന്റേത് നഷ്ടപ്പെടാതെ താമസസ്ഥലവും വാസസ്ഥലവും കാർഷിക ഭൂമിയും ഇ.എസ്.ഐയിൽ നിന്ന് മോചിപ്പിച്ച് സമ്പൂർണ്ണമായി കർഷകന് കൃഷി ചെയ്യാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
അതിനു ആവശ്യമായ എല്ലാ നടപടിയും ഉണ്ടാകും. ഈ സർക്കാർ മലയോര കർഷകന്റെ സർക്കാരാണ്. അതുകൊണ്ട് ഈ കാര്യത്തിൽ ബിഷപ്പ് പറഞ്ഞ ആ ആശങ്കയെ വളരെ ഗൗരവത്തോടും ഉത്തരവാദിത്തത്തോടും കൂടെ എടുക്കുന്നു എന്നും മന്ത്രി പറഞ്ഞു.
കുടിയേറ്റക്കാരെക്കുറിച്ചുള്ള ചില കോണുകളിൽ നിന്നുള്ള വിമർശനങ്ങൾ തികച്ചും സത്യസന്ധമല്ലെന്ന് സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. പ്രകൃതിയെ സൂക്ഷിച്ചും സന്തുലിതാവസ്ഥ കാത്തുസൂക്ഷിച്ചും ജീവിച്ചവരാണ് ഈ ജനത.

മലമ്പാമ്പ്, കാട്ടുപോത്ത്, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളെയും വലിയ തോതിലുള്ള സാംക്രമിക രോഗങ്ങളെയും നേരിട്ടാണ് ഇവർ മലയോര മേഖലയെ ജീവസുറ്റതാക്കിയത്. റോഡുകളും പാലങ്ങളും സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർമ്മിച്ച് നാടിനെ സംരക്ഷിച്ചുനിർത്തിയത് ഈ കർഷക മുന്നേറ്റമാണ്.
വരുംതലമുറ കൃഷിയിൽ നിന്ന് അകന്നുപോകുന്ന പ്രവണതയും പുതിയ തലമുറയുടെ ആശങ്കകളും പരിഹരിക്കുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുകയാണ്.
ഈ വർഷം കേരളത്തിലെ 500 സ്കൂളുകളിൽ കതിർ കാർഷിക ക്ലബ്ബുകൾ ആരംഭിക്കുന്നു. ഇതിനായി ഒരു സ്കൂളിന് 10,000 രൂപ വീതം സർക്കാർ അനുവദിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്കിടയിൽ കാർഷിക സംസ്കാരം വളർത്തുന്നതിന്റെ ഭാഗമായി, കാർഷികവൃത്തിയിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് അടുത്ത അധ്യായന വർഷം മുതൽ ഗ്രേസ് വെയിറ്റേജ് മാർക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് വിദ്യാർത്ഥി ചരിത്രത്തിലെ ആദ്യത്തെ ചുവടുവെപ്പാണ്.
കേരളത്തിൽ ജീവിതശൈലി രോഗങ്ങളും ആരോഗ്യ മേഖലയിലെ ചെലവുകളും വർദ്ധിച്ചുവരുന്ന സാഹചര്യം ആശങ്കയോടെ ചർച്ച ചെയ്തു.

പരിശോധനയിൽ കണ്ടെത്തപ്പെടുന്ന പച്ചക്കറികളിലെ ക്രമാതീതമായ കീടനാശിനികളുടെ സാന്നിധ്യം ഒഴിവാക്കാൻ സ്കൂളുകളിൽ മാത്രമല്ല, ഓരോ വീടുകളിലും ഉത്തരവാദിത്തത്തോടെ പച്ചക്കറി കൃഷി ആരംഭിക്കേണ്ടതുണ്ടെന്ന് എന്നും മന്ത്രി ഓർമ്മിപ്പിച്ചു.
മലയോര, കുടിയേറ്റ മേഖലയുടെ വികസനമുന്നേറ്റത്തിന് നാന്ദികുറിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പുനർനിർമാണനടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗവൺമെൻറ് ഏത് സന്ദർഭത്തിലും നിങ്ങൾ പറയുന്ന കാര്യങ്ങൾ, വിമർശനങ്ങൾ, അത് വളരെ ഉത്തരവാദിത്തത്തോടുകൂടി എടുക്കും.
അത് പരിഹരിക്കാവുന്ന നടപടികൾക്ക് നേതൃത്വം കൊടുക്കും. ഇൻഫാമുമായി ഇടയ്ക്ക് ചർച്ചയും സംസാരവും ഉണ്ടാകും. വളരെ കൃത്യമായി കാർഷിക മേഖലയിൽ ഇടപെടുന്ന ഒരു സിസ്റ്റമാണ് ഇൻഫാം.
അതുകൊണ്ട് ഇൻഫാം പറയുന്ന കാര്യങ്ങൾക്ക് വളരെ ഉത്തരവാദിത്തത്തോടുകൂടി സംസ്ഥാന സർക്കാരും കൃഷിവകുപ്പും പ്രതികരിക്കുമെന്നും സംസ്ഥാന കൃഷി വകുപ്പിന്റെ ഭാഗമായി തന്നെയാണ് ഇന്‍ഫാമിനെ സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി സിദ്ദിഖ് പറഞ്ഞു.

ഇൻഫാം ദേശീയ രക്ഷാധികാരി മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു. സി.കെ കാസിം എംഎൽഎ, ഇൻഫാം ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ, താമരശ്ശേരി രൂപത വികാരി ജനറാൾ മോൺ. അബ്രഹാം വയലിൽ, ഇൻഫാം താമരശ്ശേരി കാർഷികജില്ലാ ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട്, തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപ്പറമ്പിൽ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ഇൻഫാം ദേശീയ ഡയറക്ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ, ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസ് കാവനാടി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ പ്രദേശങ്ങളിൽനിന്നായി 1200-ലധികം കർഷകരാണ് സംഗമത്തിനെത്തിയത്.