ഇഎസ്എ വിജ്ഞാപനത്തിനെതിരെ മലയോര ജനതയുടെ ജീവന്മരണ പോരാട്ടം അനിവാര്യമെന്നു ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍. മുഖ്യമന്ത്രിയെ കണ്ട് ഈ നിലപാട് അറിയിക്കുമെന്നും ബിഷപ്പ്
തിരുവമ്പാടി: ഇ.എസ്.എ വിഷയത്തില്‍ മലയോര ജനതയുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍.
ഇന്‍ഫാം (ഇന്ത്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റ്) താമരശേരി കാര്‍ഷികജില്ലയുടെ ആഭിമുഖ്യത്തില്‍ തിരുവമ്പാടി പാരിഷ് ഹാളില്‍ നടന്ന കര്‍ഷക മഹാസംഗമത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ റിപ്പോര്‍ട്ടുകളില്‍ നിന്നു വ്യത്യസ്തമായി പുതിയ റിപ്പോര്‍ട്ടില്‍ റെവന്യൂ ഭൂമിയും വില്ലേജുകളും ഉള്‍പ്പെടുത്തി വിസ്തൃതി വര്‍ധിപ്പിച്ചത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു ഇഞ്ച് ഭൂമി പോലും ഇ.എസ്.എയില്‍ ഉള്‍പ്പെട്ടാല്‍ ജീവന്‍ കൊടുത്തും അതിനെതിരെ ശക്തമായി പോരാടുമെന്നും ബിഷപ്പ് മുന്നറിയിപ്പു നല്‍കി.
കാവിലുംപാറ വില്ലേജില്‍ ഹെക്ടറുകളാണു പുതിയ റിപ്പോര്‍ട്ടില്‍ പെട്ടുപോയിട്ടുള്ളത്. ജീവിക്കാനുള്ള അവകാശം ആര്‍ക്കും തടയാന്‍ കഴിയില്ല. അതിനുവേണ്ടി മരണം വരെ പോരാടുന്നതു തന്നെ ചെയ്യും.

ഏത് ഗവണ്‍മെന്‍റ് എന്നൊന്നും ഞങ്ങള്‍ നോക്കുന്നതേയില്ല. ഞങ്ങള്‍ക്കു ജീവിക്കാനുള്ള ഒരു അവകാശമുണ്ട്. അതിനെല്ലാകാലത്തും ഞങ്ങള്‍ ഒരുമിച്ചു നില്‍ക്കുകയും ചെയ്യും.
ഇഎസ്എ വിഷയത്തില്‍ ഒരു തിരുത്തല്‍ ആവശ്യമാണ്. അതു ഞങ്ങളോട് സഹകരിച്ചു സര്‍ക്കാര്‍ ചെയ്യുമെന്നു തന്നെ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. തൊട്ടടുത്ത ദിവസങ്ങളില്‍ മുഖ്യമന്ത്രിയെ കണ്ട് ഈ കാര്യങ്ങള്‍ ഞങ്ങള്‍ ബോധ്യപ്പെടുത്തും.
വയനാട് തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ ഒറ്റക്കെട്ടായി നിന്നു സര്‍ക്കാരിന്റെ സഹായങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും, ഇന്‍ഫാം ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിലുള്ള കൂട്ടായ്മകള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവമ്പാടിയില്‍ ഇന്‍ഫാം മഹാസംഗമം കൃഷി മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ഇന്‍ഫാമിന്‍റെ എല്ലാ ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മന്ത്രി സമ്മേളനത്തില്‍ ഉറപ്പ് നല്‍കി. കര്‍ഷകരുടെ ഒരിഞ്ച് ഭൂമിപോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി.

ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ മുഖ്യ പ്രഭാഷണം നടത്തി. സി.കെ കാസിം എംഎൽഎ, താമരശ്ശേരി രൂപത വികാരി ജനറാൾ മോൺ. അബ്രഹാം വയലിൽ, ഇൻഫാം താമരശ്ശേരി കാർഷികജില്ലാ ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട്, തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപ്പറമ്പിൽ,

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ഇൻഫാം ദേശീയ ഡയറക്ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ, ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസ് കാവനാടി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.