കുടിയേറ്റക്കാര്‍, കൈയ്യേറ്റക്കാര്‍ എന്ന വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ട് സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ അതീവ ദുഖമാണുള്ളത്. നാം പ്രകൃതിയുടെ സംരക്ഷകരാണെന്ന് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
പാറത്തോട്: ഇൻഫാമിനെ വളരെ ഭംഗിയായി ധീരതയോടു കൂടി കൃത്യമായ ദിശാബോധം നല്‍കി നയിച്ചുകൊണ്ടിരിക്കുന്നത് ഫാ. തോമസ് മറ്റമുണ്ടയിലാണ്.
അദ്ദേഹത്തിന്റെ പ്രഫഷണലായിട്ടുള്ള സമീപനം ഇന്‍ഫാമിന്റെ വളര്‍ച്ച വളരെ പെട്ടന്നു തന്നെ സാധ്യമാക്കിയെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.

ഇന്‍ഫാമിന്റെ ഒരു മാസം നീണ്ടുനിന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പലപ്പോഴും കുടിയേറ്റക്കാര്‍ കൈയ്യേറ്റക്കാര്‍ എന്ന തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ട് സർക്കാർ ഉദ്യോഗസ്ഥർ പോലും സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ അതീവ ദുഖമാണ് ഉള്ളത്.
നാം ഒരിക്കലും പരിസ്ഥിതിയെ നശിപ്പിക്കുന്നില്ല. മറിച്ചു പരിസ്ഥിതിയെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. വനം വെട്ടി നശിപ്പിച്ച സര്‍ക്കാര്‍ മിച്ചഭൂമിയാക്കി തന്ന ഭൂമിയാണ് നമ്മുടെ കൈകളില്‍ എത്തിയത്.
അത് നമ്മള്‍ വിലകൊടുത്ത് വാങ്ങിയതാണ്. അവിടെ കൃഷിചെയ്തു വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയായിരുന്നു കര്‍ഷകര്‍.

അറിവില്ലാത്തവര്‍ എന്തും പറഞ്ഞുകൊള്ളട്ടേ, കുടിയേറ്റക്കാരെ കയ്യേറ്റക്കാരായി ചിത്രീകരിച്ചോട്ടേ.
പക്ഷേ, നമ്മള്‍ പണം കൊടുത്തു വാങ്ങിയ ഭൂമിയില്‍ അധ്വാനിച്ച് കൃഷി ചെയ്ത് പ്രകൃതിയെ സംരക്ഷിച്ചവരാണ്. പ്രകൃതി സംരക്ഷിക്കുന്നവരാണ് കര്‍ഷകര്‍ എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതിയുടെ ചൂഷണത്തിനെതിരെ ആകുലപ്പെട്ടുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ 2015ല്‍ ലൗദേത്തോസി എന്ന ചാക്രിക ലേഖനം എഴുതിയത്.
പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രസ്‌ക്തി എത്ര വലുതാണെന്നു ഓര്‍മ്മിക്കാനും പഠിക്കാനും അത് നമ്മെ നിര്‍ബന്ധിക്കുന്നതാണ്.

പരിസ്ഥിതി ദിനത്തില്‍ ദൈവം നല്‍കുന്ന സന്ദേശങ്ങള്‍ നമ്മള്‍ ഓര്‍ക്കാം. ദൈവം നേരിട്ടു വരികയില്ല. ദൈവത്തെ ആരും കണ്ടിട്ടുമില്ല കാണുക സാധ്യവുമല്ലാ എന്ന് പൗലോസ് അപ്പോസ്‌തോലനും വിശുദ്ധ യോഹന്നാനും പറയുന്നുണ്ട്. പിന്നെ ദൈവത്തെ എങ്ങനെ കാണുമെന്ന ചോദ്യം ഉണ്ട്.
സൃഷ്ട വസ്തുക്കളിലൂടെ സ്പഷ്ടമായി ദൈവത്തെ കാണാം. പരിസ്ഥിതി സംരക്ഷിക്കണമെന്ന ദൈവത്തിന്റെ ആകുലതയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ എന്ന മാര്‍പാപ്പയെ നല്‍കികൊണ്ട് ദൈവം നമ്മോട് പങ്കുവെച്ചത്.
പ്രവാചകനായാണ് മാര്‍പാപ്പാ നമ്മുടെ ഇടയില്‍ അവതരിച്ചത്. പ്രകൃതിയെ ചൂഷണം ചെയ്താല്‍ നിങ്ങള്‍ക്ക് ഇനി അധികകാലം ഭൂമിയില്‍ ജീവിക്കാനവില്ലെന്ന മുന്നറിയപ്പാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയത്.

ആ മുന്നറിയിപ്പു ഏറ്റെടുത്തുകൊണ്ടാണ് ഓരോ വര്‍ഷവും നമ്മള്‍ പരിസ്ഥിതി ദിനം ആചരിക്കുന്നത്.
കൃത്യമായി മഴ കിട്ടുന്നില്ലെങ്കില്‍ ചൂട് അധികമായാല്‍ നമുക്ക് എങ്ങനെ കൃഷി ചെയ്യാന്‍ സാധിക്കും. ഇക്കുറി ചൂട് അധികമായതോടെ വര്‍ഷങ്ങള്‍ കഠിനാധ്വാനം ചെയ്ത കാർഷിക വിളകൾ കരിഞ്ഞുപോയി.

പ്രകൃതിയെ സംരക്ഷിച്ച് കൃത്യമായി അതിന്റെ ദിശ നിയന്ത്രിക്കുന്നുണ്ടെങ്കില്‍, ദൈവം ക്രമീകരിച്ച രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെങ്കില്‍ മാത്രമേ കര്‍ഷകര്‍ക്കും ജീവിക്കാന്‍ സാധിക്കുകയുള്ളൂ.
നമ്മുടെ ഏറ്റവും വലിയ ഉത്തവാദിത്വമാണ് പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് എന്നും മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.