കര്‍ഷകനും മുഖ്യധാരയില്‍ ഒരു 'സ്പേസ്' വേണം. ഇന്‍ഫാമിനൊപ്പം കൈകോര്‍ക്കാന്‍ ഭരണാധികാരികള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും പൊതുസമൂഹത്തിനും കടമയുണ്ടെന്ന് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍
കാഞ്ഞിരപ്പള്ളി: പല കാലങ്ങളില്‍ പലവിധ കാരണങ്ങളാല്‍ സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടുപോയ കര്‍ഷകരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ പുനപ്രതിഷ്ഠിക്കാന്‍ സര്‍ക്കാരിനും പൊതുസമൂഹത്തിനും കടമയുണ്ടെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍.
ഇന്‍ഫാമിന്റെ ഒരു മാസം നീണ്ടുനിന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ സമാപനത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ മനസാണ് പ്രപഞ്ചം. ആ പ്രപഞ്ചത്തില്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഇടമുണ്ടെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.

പ്രപഞ്ചത്തിന്റെ പ്രതീകമായ പൊതുസമൂഹത്തില്‍ എല്ലാവര്‍ക്കും ഇടമുണ്ടാകണം. തന്റേതല്ലാത്ത കാരണത്താല്‍ കര്‍ഷകജനത പൊതുസമൂഹത്തില്‍ നിന്ന് ഓരംപറ്റി ഒതുങ്ങിപ്പോയവരാണ്. അവരെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നത്.

ഈ ശ്രമത്തിന്റെ കൂടെ കൈകോര്‍ക്കാന്‍ ഭരണാധികാരികള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും പൊതുസമൂഹത്തിനും കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫാമിന്റെ പഞ്ചവത്സര പദ്ധതികള്‍ സംബന്ധിച്ച വിവരണവും അദ്ദേഹം നടത്തി.
ഇന്‍ഫാമിന്റെ ഒരു മാസം നീണ്ടുനിന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ സമാപനവും വിത്തുകൊട്ട വിതരണവും ഉദ്ഘാടനവും ഇടുക്കി രൂപതാധ്യക്ഷനും ഇന്‍ഫാം കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നിർവഹിച്ചു.

യോഗത്തില്‍ ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷതവഹിച്ചു. ഇന്‍ഫാമിന്റെ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള ഫലഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ നിര്‍വഹിച്ചു.

ഇന്‍ഫാം നാഷണല്‍ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ഇന്‍ഫാം കേരള സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ഇന്‍ഫാം നാഷണല്‍ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ അടുക്കളത്തോട്ട നിര്‍മാണത്തിനായി ഇന്‍ഫാം ആവിഷ്‌കരിച്ച 'വിത്തു കൊട്ട' കാഞ്ഞിരപ്പള്ളി, ഇടുക്കി, ആലപ്പുഴ, ചങ്ങനാശേരി, തിരുവല്ല, കോതമംഗലം, മാവേലിക്കര, പാലാ, പാറശാല, പുനലൂര്‍, താമരശ്ശേരി, തലശ്ശേരി, കണ്ണൂര്‍ കാര്‍ഷികജില്ലകള്‍ക്ക് വിതരണം ചെയ്തു.

ഈ പദ്ധതിയിലൂടെ ബീന്‍സ്, പയര്‍, ബീറ്റ്റൂട്ട്, വെണ്ട, പാവല്‍, കാരറ്റ്, മുരിങ്ങ, ചീര, തക്കാളി, കാബേജ്, കോളിഫ്ളവര്‍, വഴുതന, മുളക് എന്നിവയുടെ ഉല്‍പ്പാദനക്ഷമതയുള്ള നാലു കോടിയില്‍പരം വിത്തുകൾ ഇന്‍ഫാം അംഗങ്ങളായ 25000 കര്‍ഷകര്‍ക്ക് സമ്മാനിച്ചു.