ഇന്തോനേഷ്യയിലെ ദൈവാലയ പരിസരത്ത് ആക്രമണം: നിരവധിപ്പേർക്ക് പരിക്ക്, ഒരു ലക്ഷത്തിലധികംപേർ കുടിയിറക്കപ്പെട്ടു
ഇന്തോനേഷ്യയിലെ ഇന്റാൻ ജയയിലെ ഒരു കത്തോലിക്കാ പള്ളിയിൽ അടുത്തിടെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. ആക്രമണത്തെ തുടർന്ന് ഒരു ലക്ഷത്തിലധികം സാധാരണക്കാർ ആഭ്യന്തിരമായി കുടിയിറക്കപ്പെട്ടു.
മെയ് 17 ന്, സെൻട്രൽ പപ്പുവ പ്രവിശ്യയിലെ ഇന്റാൻ ജയ റീജൻസിയിലെ എംബാമോഗോ ഗ്രാമത്തിലെ സെന്റ് പോൾസ് കത്തോലിക്കാ പള്ളിയുടെ മുറ്റത്ത് ഞായറാഴ്ച കുർബാനയ്ക്ക് ശേഷം ഒരു ബോംബ് പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ നാല് തദ്ദേശീയ പാപ്പുവാൻ കത്തോലിക്കർക്ക് പരിക്കേറ്റു. സ്ഫോടന സമയത്ത് നിരവധി വിശ്വാസികൾ പള്ളിമുറ്റത്തുണ്ടായിരുന്നു. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, സ്‌ഫോടകവസ്തു ഡ്രോൺ ഉപയോഗിച്ച് പൊട്ടിത്തെറിച്ചതാണ്. ഇതേ തുടർന്ന് നൂറുകണക്കിന് സാധാരണക്കാർ വനങ്ങളിലേക്ക് പലായനം ചെയ്തു, ഇത് മേഖലയിലെ സംഘർഷങ്ങൾ വർധിപ്പിച്ചു.
ഇന്തോനേഷ്യൻ സൈന്യം (TNI) ഈ ആക്രമണത്തിൽ പങ്കില്ലെന്ന് വെളിപ്പെടുത്തി. സൈന്യത്തിനും ജനങ്ങൾക്കും ഇടയിൽ കുഴപ്പങ്ങൾ വിതയ്ക്കാനും സംഘർഷം വർധിപ്പിക്കാനും ഉദ്ദേശിച്ചുള്ള ഒരു പ്രകോപനം ആണെന്ന് അവർ പറഞ്ഞു. സെൻട്രൽ പപ്പുവ പൊലീസ് അന്വേഷണം ആരംഭിച്ചു.