മദ്ധ്യപൂര്‍വ്വദേശങ്ങളില്‍ സമാധാനത്തിനായി പ്രാര്‍ത്ഥനാഹ്വാനവുമായി ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാസഭ

 
POPE

വത്തിക്കാന്‍സിറ്റി: മദ്ധ്യപൂര്‍വ്വദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിന് വേണ്ടി പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനവുമായി ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാസഭാനേതൃത്വം.

 ഇതനുസരിച്ച് മാര്‍ച്ച് എട്ടാം തീയതി പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഇന്ത്യന്‍ ലത്തീന്‍ മെത്രാന്‍സമിതി ഒരു കുറിപ്പിറക്കിയതായി ഫീദെസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

മദ്ധ്യപൂര്‍വ്വദേശങ്ങളിലെ സമാധാനമെന്ന നിയോഗം മുന്നില്‍ വച്ച് ഇതേ ദിവസം എല്ലാ ദേവാലയങ്ങളിലും വിശുദ്ധബലിയര്‍പ്പിക്കാനും സഭാനേതൃത്വം നിര്‍ദ്ദേശിച്ചു.

നിഷ്‌കളങ്കരായ മനുഷ്യരുടെ ജീവന്‍ സംരക്ഷിക്കപ്പെടുന്നതിനും, ശത്രുതാമനോഭാവം ഇല്ലാതാക്കുന്നതിനും, ലോകനേതൃത്വങ്ങള്‍ കൂടുതല്‍ മിതത്വത്തോടെയും വിവേകത്തോടെയും പെരുമാറുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഏവരെയും ക്ഷണിച്ച മെത്രാന്‍സമിതി നേതൃത്വം, മാര്‍ച്ച് എട്ട് മുതല്‍ പതിനാല് വരെ തീയതികളില്‍ ജപമാലയര്‍പ്പിച്ച് പരിശുദ്ധ അമ്മയുടെ സഹായം പ്രത്യേകമായി അപേക്ഷിക്കാനും വിശ്വാസികള്‍ക്ക് എഴുതി.

മദ്ധ്യപൂര്‍വ്വദേശങ്ങളില്‍ വളര്‍ന്നുവരുന്ന അശാന്തിയുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍, സമാധാനത്തിനുള്ള പ്രാര്‍ത്ഥനയുടെ ഭാഗമായി, മാര്‍ച്ച് പതിമൂന്ന് വെള്ളിയാഴ്ച ഉപവസിക്കാന്‍ മെത്രാന്‍സമിതിയുടെ പേരില്‍ ഗോവ, ദമാന്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ ഒപ്പിട്ട് പുറത്തുവിട്ട രേഖയിലൂടെ മെത്രാന്മാര്‍ ആഹ്വാനം ചെയ്തു.

 യുദ്ധങ്ങളും അസ്ഥിരതയും മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ദുരിതങ്ങളും മുഴുവന്‍ മാനവികതയെയുമാണ് ബാധിക്കുന്നതെന്ന് സഭാനേതൃത്വം ഓര്‍മ്മിപ്പിച്ചു.

നിരവധി ഇന്ത്യക്കാരാണ് മദ്ധ്യപൂര്‍വ്വദേശങ്ങളില്‍ ജോലി ചെയ്യുന്നതെന്ന് ഓര്‍മ്മിപ്പിച്ച കര്‍ദ്ദിനാള്‍ ഫെറാവോ, അതുവഴി അവര്‍ തങ്ങളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുകയും, സഭയ്ക്കും നമ്മുടെ രാജ്യത്തിനും ഉദാരമായി സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നുണ്ടെന്ന് പ്രസ്താവിച്ചു. 

അനിശ്ചിതത്വത്തിന്റെ ഈ മണിക്കൂറുകളില്‍ അവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും അവരെ ദൈവത്തിന് ഭരമേല്‍പ്പിക്കുകയും ചെയ്യാമെന്നും സഭാനേതൃത്വം എഴുതി. 

Tags

Share this story

From Around the Web