അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമാവുന്ന സാഹചര്യത്തില്‍, ഇന്ത്യയുടെ ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കാനുള്ള കേന്ദ്ര നടപടികള്‍ ഫലപ്രദമാകുമോ?
കോട്ടയം:പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമാവുകയും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കപ്പല്‍ ഗതാഗതം ഭീഷണിയിലാകുകയും ചെയ്യുന്ന സാഹചര്യത്തില്‍, രാജ്യത്തിന്റെ ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കാനുള്ള കേന്ദ്ര നടപകള്‍ ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍.
ഗള്‍ഫ് മേഖലയ്ക്ക് പുറമെ റഷ്യ, അമേരിക്ക, പടിഞ്ഞാറന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ച ഇന്ത്യ, ബ്രസീല്‍, ഗയാന, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിയും വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ്. ഇതിന്റെ ഭാഗമായി ഏപ്രിലില്‍ വെനസ്വേലയില്‍ നിന്ന് റെക്കോര്‍ഡ് അളവില്‍ ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നു.
കഴിഞ്ഞ 90 ദിവസത്തിനിടെ എണ്ണ ഇറക്കുമതി നയത്തില്‍ വരുത്തിയ വലിയ മാറ്റങ്ങളിലൂടെ ആഗോള എണ്ണവിതരണ പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തലാണ് ഇപ്പോള്‍ ഉള്ളത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല കരാറുകളെ ആശ്രയിച്ചിരുന്ന പഴയ രീതിയില്‍ നിന്ന് മാറി, ആവശ്യാനുസരണം ആഗോള വിപണിയില്‍ നിന്ന് നേരിട്ട് എണ്ണ വാങ്ങുന്ന 'സ്പോട്ട് മാര്‍ക്കറ്റ്' സംവിധാനത്തിലേക്ക് പൊതുമേഖലാ എണ്ണക്കമ്പനികള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇറാന്‍ സംഘര്‍ഷവും വിതരണത്തിലെ അനിശ്ചിതത്വവും പഴയ മാതൃകയുടെ അപകടസാധ്യതകള്‍ വ്യക്തമാക്കിയതോടെയാണ് ഈ മാറ്റം. വിദേശ സര്‍ക്കാരുകളുമായി നേരിട്ട് കരാറിലേര്‍പ്പെടുന്നതിന് പകരം ആഗോള ട്രേഡിംഗ് സ്ഥാപനങ്ങളിലൂടെ എണ്ണ വാങ്ങുന്ന രീതിയും ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്.
ഊര്‍ജ്ജസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവര്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് നയതന്ത്രതല ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ നടപടികളുടെ ഫലമായി, മാര്‍ച്ചില്‍ ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് ആഗോള എണ്ണ പ്രതിസന്ധികളെ നേരിടാന്‍ ഇന്ത്യ ഇപ്പോള്‍ കൂടുതല്‍ സജ്ജമാണെന്നാണ് വിലയിരുത്തലകള്‍.