ഇന്ത്യക്കാര്‍ വൃത്തികെട്ടവർ, തിരികെപ്പോകൂ’…; അയര്‍ലന്‍ഡില്‍ ആറുവയസുള്ള മലയാളി പെൺകുട്ടിക്ക് നേരെ വംശീയാധിക്ഷേപം

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജയായ ആറ് വയസുകാരിക്ക് നേരെ വംശീയാധിക്ഷേപം. അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡിൽ വീടിന് പുറത്ത് കളിച്ചുകൊണ്ടു നിന്ന പെൺകുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള അഞ്ചോളം ആണ്‍കുട്ടികൾ ചേർന്ന് കുട്ടിയെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. ഇന്ത്യക്കാര്‍ വൃത്തികെട്ടവരാണെന്നും തിരികെ രാജ്യത്തേയ്ക്ക് മടങ്ങിപ്പോകൂ എന്ന് പറഞ്ഞുമാണ് ആണ്‍കുട്ടികള്‍ ആക്രോശിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അധിക്ഷേപത്തിന് പുറമേ കുട്ടിയുടെ മുഖത്ത് ഇടിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തതായും ആരോപണമുണ്ട്. കോട്ടയം സ്വദേശികളായ കുടുംബം കഴിഞ്ഞ എട്ട് വര്‍ഷമായി അയർലന്‍ഡിൽ താമസിച്ചുവരുകയാണ്. കുട്ടിയുടെ അമ്മ ഇവിടെ നഴ്‌സാണ്. അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജയായ കുട്ടി ഇത്തരത്തില്‍ വംശീയ അധിക്ഷേപം നേരിടുന്നത് ഇത് ആദ്യ സംഭവമാണെന്നാണ് റിപ്പോര്‍ട്ട്.
ഓഗസ്റ്റ് നാലിന് വൈകിട്ടായിരുന്നു സംഭവം. വംശീയ അധിക്ഷേപം നേരിട്ട കുട്ടി മറ്റ് കുട്ടികള്‍ക്കൊപ്പം വീടിന് പുറത്ത് കളിക്കുകയായിരുന്നു. ഈ സമയം വീടിന് പുറത്തുണ്ടായിരുന്ന കുട്ടിയുടെ മാതാവ് ഇളയ കുഞ്ഞിനെ നോക്കാനായി അകത്തേക്ക് പോയപ്പോഴാണ് സംഭവം നടന്നത്. അല്‍പസമയത്തിനുള്ളില്‍ പെണ്‍കുട്ടി വീട്ടിലേയ്ക്ക് കയറി വരികയും ഒന്നും സംസാരിക്കാതെ കരയുകയും ചെയ്തു.
കുട്ടിയുടെ സുഹൃത്തായ പെണ്‍കുട്ടിയോട് ചോദിച്ചപ്പോഴാണ ആണ്‍കുട്ടികളില്‍ നിന്ന് നേരിട്ട അധിക്ഷേപത്തെക്കുറിച്ച് പുറത്തറിയുന്നത്. അഞ്ചോളം പേര്‍ ചേര്‍ന്നാണ് കുട്ടിയോട് അതിക്രമം കാട്ടിയതെന്ന് സുഹൃത്ത് പറഞ്ഞതായി കുട്ടിയുടെ അമ്മ പറഞ്ഞു. അയര്‍ലന്‍ഡില്‍ ഈ അടുത്ത കാലത്തായി ഇന്ത്യൻ വംശജർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണ്.