വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർ യുഎസ് ചട്ടങ്ങളിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിക്കണം

യുഎസ് വിസയ്ക്ക് ഈ വർഷം അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യക്കാർ പ്രധാനമായും മൂന്ന് സുപ്രധാന മാറ്റങ്ങൾ അറിഞ്ഞിരിക്കണമെന്നു നിർദേശം. ചില മാറ്റങ്ങൾ നടപ്പിൽ വന്നു കഴിഞ്ഞിട്ടുണ്ട്. മറ്റു ചിലത് ഈ വർഷം തന്നെ പിന്നാലെ വരും.
ട്രംപ് ഭരണകൂടം കൊണ്ടുവന്ന 'വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്' അനുസരിച്ചു യുഎസ് കുടിയേറ്റ നയങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമാണ് മാറ്റങ്ങൾ.
ഒന്നാമത്തെ മാറ്റം:
പ്രധാനപ്പെട്ട പുതിയ വ്യവസ്ഥകളിൽ ഒന്നാമതു ശ്രദ്ധിക്കേണ്ടത് ജൂൺ 23നു നടപ്പിൽ വന്ന സാമൂഹ്യ മാധ്യമ ചട്ടമാണ്. സ്റ്റുഡന്റ്, എക്സ്ചേഞ്ച് വിസകൾക്ക് -- എഫ്, എം, ജെ -- അപേക്ഷിക്കുന്നവർ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധനയ്ക്കു തുറന്നിടണം എന്നാണ് ചട്ടം.
കഴിഞ്ഞ അഞ്ചു വർഷം ഉപയോഗിച്ച അക്കൗണ്ടുകൾ തുറന്നു കൊടുക്കണം. അപേക്ഷ ഡി എസ് 160ൽ അത് വ്യക്തമാക്കണം. വിദ്യാർഥിയുടെ പോസ്റ്റുകൾ, ഗ്രൂപ്പുകളുമായുള്ള ബന്ധങ്ങൾ ഇവയൊക്കെ അധികൃതർ വിലയിരുത്തും.
അപേക്ഷ നൽകും മുൻപ് അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ശ്രമിക്കരുതെന്നു താക്കീതുണ്ട്.
രണ്ട്: വർധിച്ച നിരക്കുകൾ
2025 ഒക്ടോബർ 1 മുതൽ $250 വിസ ഇന്റഗ്രിറ്റി ഫീ നൽകണം. മിക്കവാറും എല്ലാ നോൺ-ഇമിഗ്രന്റ് വിസകൾക്കും ഇത് ബാധകമാണ്. ഇന്ത്യൻ അപേക്ഷകരിൽ എഫ്-1, എഫ്-2 വിസകൾക്കും (വിദ്യാർഥികൾക്കും ആശ്രിതർക്കും) ജെ-1, ജെ-2 വിസകൾക്കും (എക്സ്ചേഞ്ച് വിസിറ്റർ) ഇത് നൽകേണ്ടി വരും. കൂടാതെ എച്-1ബി, എച്-4 (താത്കാലിക ജീവനക്കാരും ആശ്രിതരും) ബി1, ബി2 വിസിറ്റർ വിസകൾ (ബിസിനസ്, ടൂറിസം) എന്നിവയ്ക്കും.
ചുരുക്കി പറഞ്ഞാൽ ഇന്ത്യക്കാരൻ യുഎസ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ $425 മുതൽ $473 വരെ നൽകേണ്ടി വരും.
വിസ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നവർക്കു തിരിച്ചു നൽകുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി പറയുന്ന തുകയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല.
മൂന്ന്: വെയ്‌വർ വ്യവസ്ഥ കൂടുതൽ കർശനം
സെപ്റ്റംബർ 2 മുതലാണ് ഇത് നിലവിൽ വരിക. അതായത്, വിസയ്ക്ക് ഇന്റർവ്യൂ വേണമെന്ന വ്യവസ്ഥയിൽ നിന്നു വളരെ കുറച്ചു അപേക്ഷകർക്കു മാത്രമേ ഒഴിവ് കിട്ടൂ. പൊതുവിൽ, അപേക്ഷകർ യുഎസ് കോൺസലേറ്റിൽ ഇന്റർവ്യൂവിനു എത്തണം. വിസ പുതുക്കുന്നവർക്കും ഇത് ബാധകമാണ്.
ചില കേസുകളിൽ ഇളവുണ്ടെങ്കിലും ആരെയും വിളിക്കാൻ കോൺസുലർ ഓഫീസുകൾക്കു അധികാരമുണ്ട്.