ന്യൂയോര്‍ക്ക് സബ്വേ ട്രാക്കില്‍ ട്രെയിനിടിച്ച് ഇന്ത്യന്‍ വംശജയായ യുവതിക്കും സുഹൃത്തിനും ദാരുണാന്ത്യം

 
subway


മാന്‍ഹട്ടന്‍: ന്യൂയോര്‍ക്കിലെ സബ്വേ ട്രാക്കില്‍ ഇരിക്കുകയായിരുന്ന ഇന്ത്യന്‍ വംശജയായ യുവതിയും സുഹൃത്തും ട്രെയിന്‍ തട്ടി മരിച്ചു. ലോവര്‍ മാന്‍ഹട്ടനിലെ സ്പ്രിങ് സ്ട്രീറ്റ് സ്റ്റേഷനിലാണ് ഈ ദാരുണമായി അപകടം നടന്നത്. 

ന്യൂജേഴ്‌സിയിലെ ഡെയ്റ്റണില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയായ മലൈക ചിത്രെ (24), ന്യൂജേഴ്‌സിയിലെ സേറെവില്ലെയില്‍ നിന്നുള്ള നേപ്പാളി-അമേരിക്കനായ നവം കൗള്‍ (24) എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ 3:15-ഓടെ സ്പ്രിങ് സ്ട്രീറ്റ് സബ്വേ സ്റ്റേഷനില്‍ നമ്പര്‍ 4 ട്രെയിന്‍ തട്ടിയാണ് ഇരുവരും മരിച്ചതെന്ന് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് (ചഥജഉ) അറിയിച്ചു. 

അപകടത്തിന് തൊട്ടുമുന്‍പ് ഇരുവരും ട്രാക്കില്‍ ശാന്തരായി ഇരിക്കുന്ന, സംഭവത്തിന്റെ ദൃക്‌സാക്ഷി പകര്‍ത്തിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. എന്തിനാണ് ഇവര്‍ ട്രാക്കില്‍ കയറിയതെന്ന കാര്യത്തിലും, എങ്ങനെയാണ് ട്രാക്കില്‍ എത്തിയതെന്ന കാര്യത്തിലും പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരമനുസരിച്ച്, ഇവരില്‍ ഒരാള്‍ ട്രാക്കിലേക്ക് വീഴുകയോ ഇറങ്ങുകയോ ചെയ്തതാകാം, തുടര്‍ന്ന് മറ്റെയാള്‍ സഹായിക്കാനായി താഴേക്ക് ഇറങ്ങിയതോ ആകാം. സംഭവം അപകടമാണോ അതോ ആത്മഹത്യയാണോ എന്നതും സ്ഥിരീകരിക്കേണ്ടതുണ്ട്.

 ഇരുവരും ലഹരിയിലായിരുന്നോ എന്നും അപകട സാധ്യത തിരിച്ചറിയാന്‍ വൈകിയതാണോ എന്നും ഡിറ്റക്ടീവുകള്‍ പരിശോധിച്ചു വരികയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. 
ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ആത്മഹത്യയാണോ എന്ന സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞിട്ടില്ല. 

ഇരുവരും ശാന്തരായി ചിരിച്ചുകൊണ്ട് ട്രാക്കില്‍ ഇരിക്കുകയായിരുന്നുവെന്നും അപ്പോഴാണ് ട്രെയിന്‍ വന്നിടിച്ചതെന്നും ട്രെയിന്‍ ഓപ്പറേറ്റര്‍ സൂപ്പര്‍വൈസര്‍മാരോട് പറഞ്ഞതായി ദ ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 ചിത്രെയും കൗളും ട്രാക്കില്‍ ഇരിക്കുന്നത് കണ്ട് എമര്‍ജന്‍സി ബ്രേക്ക് ഇടാന്‍ ശ്രമിച്ചെങ്കിലും കൃത്യസമയത്ത് ട്രെയിന്‍ നിര്‍ത്താന്‍ കഴിഞ്ഞില്ലെന്നും ട്രെയിന്‍ ഓപ്പറേറ്റര്‍ സൂപ്പര്‍വൈസര്‍മാരെ അറിയിച്ചു.

സ്റ്റേഷനില്‍ രണ്ടുപേര്‍ക്ക് സഹായം ആവശ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് എത്തിയ പോലീസ്, അപകടത്തിന് ശേഷം ചിത്രെയുടെയും കൗളിന്റെയും മാതൃദേഹാവശിഷ്ടങ്ങള്‍ ട്രാക്കില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ട്രെയിനിലുണ്ടായിരുന്ന നൂറോളം യാത്രക്കാരെ ഒഴിപ്പിച്ചതായി ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ചിത്രെയുടെയും കൗളിന്റെയും അപ്രതീക്ഷിത വിയോഗത്തില്‍ ഇരുവരുടെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഇപ്പോഴും ഞെട്ടലിലാണ്.

ലിങ്ക്ഡ്ഇന്‍ പ്രൊഫൈലുകള്‍ അനുസരിച്ച്, ചിത്രെ അക്കാഡിയ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ ഓപ്പറേഷന്‍സ് സ്പെഷ്യലിസ്റ്റായും കൗള്‍ ബ്ലൂംബെര്‍ഗില്‍ ഫിനാന്‍ഷ്യല്‍ ഡാറ്റാ അനലിസ്റ്റായും ജോലി ചെയ്തു വരികയായിരുന്നു. ഇരുവരും റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഒരേ സമയത്ത് ബിരുദം നേടിയവരുമാണ്. ഇരുവരും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നന്നായി പെരുമാറിയിരുന്നവരായിരുന്നു എന്ന് അടുപ്പമുള്ളവര്‍ പറയുന്നു.

കൗളിന്റെ മാതാപിതാക്കള്‍ മൂന്ന് പതിറ്റാണ്ട് മുമ്പാണ് നേപ്പാളില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. 'ചിത്രെയും കൗളും ഒരേ ലോകത്താണ് വളര്‍ന്നത്. അവരെല്ലാം ഒരേ സുഹൃദ് വലയത്തിന്റെ ഭാഗമായിരുന്നു. അവര്‍ക്ക് ജീവിതത്തില്‍ ആത്മഹത്യപോലെ ഒരു മണ്ടത്തരം ചെയ്യാന്‍ തക്കതായ കാരണങ്ങളില്ലായിരുന്നു.' ഇരുവരുടെയും സുഹൃത്തുക്കള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ന്യൂയോര്‍ക്ക് പോലീസ് അറിയിച്ചു.

Tags

Share this story

From Around the Web