ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജന് ക്രൂര മർദനം. കൈത്തണ്ട അറ്റു.നട്ടെല്ലിന് ഒടിവ്. ഗുരുതര പരിക്ക്

ഓസ്ട്രേലിയയിലും ഇന്ത്യൻ വംശജർക്കെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചു വരുന്നു. മെൽബണിലെ ഒരു ഷോപ്പിംഗ് സെന്ററിന് പുറത്ത് വടിവാളുപയോഗിച്ച് 33 വയസുകാരനായ സൗരഭ് ആനന്ദ് എന്ന യുവാവിനെയാണ് ഒരു കൂട്ടം ആളുകൾ ക്രൂരമായി ആക്രമിച്ചത്. ഗുരുതരമായി പരുക്കുകളേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഓസ്ട്രേലിയൻ ടുഡേ റിപ്പോർട്ട് ചെയ്തു.
മെൽബണിലെ ഒരു ഷോപ്പിംഗ് സെന്ററിന് പുറത്തുവെച്ചാണ് ഇയാളെ ഒരു കൂട്ടം ആളുകൾ ആക്രമിച്ചത്. ജൂലൈ 19 വൈകുന്നേരം 7.30നായിരുന്നു സംഭവം. മരുന്നുകൾ വാങ്ങാൻ താമസിക്കുന്ന വീടിനടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ പോയി മടങ്ങിവരവെയാണ് അഞ്ച് കൗമാരക്കാർ പതിയിരുന്ന് സൗരഭിനെ ആക്രമിച്ചത്.
ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പ്രകാരം സംഭവത്തെ പറ്റി സൗരഭ് പറയുന്നത് ഇങ്ങനെയാണ്. സുഹൃത്തിനോട് ഫോണിൽ സംസാരിച്ചു കൊണ്ട് വരുന്ന വഴിക്ക് അഞ്ചുപേർ ചുറ്റും വന്ന് വളഞ്ഞു. ഇവരിലൊരാൾ പോക്കറ്റുകൾ പരിശോധിക്കാൻ ആരംഭിച്ചു. അപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ തലയ്ക്ക് ശക്തമായ അടിക്കുകയായിരുന്നു.
മൂന്നാമത്തെയാൾ ഈ സമയം വെട്ടുകത്തി എടുത്ത് ആക്രമിക്കുകയായിരുന്നു. മുഖം സംരക്ഷിക്കാൻ കൈപൊക്കിയപ്പോഴാണ് കൈത്തണ്ടയ്ക്ക് വെട്ടേറ്റത്. അതേസമയം, പുറകിൽ നിന്ന് കുത്തേറ്റു. നട്ടെല്ലിന് പരുക്കേറ്റു. ഇടതു കൈ മുറിച്ചുമാറ്റേണ്ടിവരുമെന്നാണ് വിചാരിച്ചിരുന്നത്. മണിക്കൂറുകൾ നീണ്ടുനിന്ന അടിയന്തര ശസ്ത്രക്രിയക്ക് ശേഷം കൈ ഡോക്ടർമാർ രക്ഷപ്പെടുത്തി. ദി ഓസ്‌ട്രേലിയ ടുഡേ റിപ്പോർട്ട് ചെയ്തു.