ഇന്ത്യൻ വിനോദസഞ്ചാരികളെ, ബുഫെ ഭക്ഷണം പൊതിഞ്ഞെടുക്കരുത്’; സ്വിറ്റ്സർലൻഡ് ഹോട്ടൽ നൽകിയ വിചിത്ര നിർദേശം

സ്വിറ്റ്‌സർലൻഡിലെ ഒരു ഹോട്ടലിൽ ഇന്ത്യൻ വിനോദസഞ്ചാരികളെ പ്രത്യേകം അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കുറിപ്പ് എക്‌സിൽ ഒരു ഡോക്ടർ പങ്കുവെച്ചിരുന്നു. ഇതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അതിന് ഒരു കാരണമുണ്ട്, ഹോട്ടലിലെ ആ നോട്ടീസിൽ “ഇന്ത്യൻ വിനോദസഞ്ചാരികളെ” പ്രത്യേകം അഭിസംബോധന ചെയ്ത് അവരുടെ പഴ്‌സിൽ ബുഫെ ഭക്ഷണം പായ്ക്ക് ചെയ്യരുതെന്ന് ആണ് എഴുതിയിരിക്കുന്നത്. അത് തന്നെ വളരെയധികം വേദനിപ്പിച്ചുവെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
അർഷിത് ധംനാസ്‌ക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അതിന്റെ ഉള്ളടക്കം കൊണ്ടല്ല, മറിച്ച് അത് എങ്ങനെ എഴുതിയിരിക്കുന്നു എന്നതിനാലാണ് തനിക്ക് വിഷമം വന്നതെന്നും അദ്ദേഹം പറയുന്നു.
‘കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഞാൻ എന്റെ കുടുംബത്തോടൊപ്പം സ്വിറ്റ്‌സർലൻഡിലായിരുന്നു. ഹോട്ടൽ മുറിയുടെ വാതിലിനു പിന്നിൽ, ഒരു നീണ്ട സന്ദേശം ഉണ്ടായിരുന്നു: ‘ബുഫെയിലെ ഭക്ഷണങ്ങള്‍ പായ്ക്ക് ചെയ്തെടുക്കരുത്. നിങ്ങൾക്ക് വേണമെങ്കിൽ, ഞങ്ങൾ പ്രത്യേകം പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾ നൽകാം’, അര്‍ഷിത് പോസ്റ്റിൽ കുറിച്ചു.
ഹോട്ടൽ ബുഫെകളെ പലപ്പോഴും “അൺലിമിറ്റഡ്” എന്ന് പരസ്യപ്പെടുത്താറുണ്ടെങ്കിലും, അത് അക്ഷരാർത്ഥത്തിൽ എടുക്കേണ്ടതല്ലെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു. അണ്‍ലിമിറ്റഡിന്റെ അര്‍ഥം അത് ബാഗില്‍ പൊതിഞ്ഞെടുത്തുകൊണ്ട് പോയി, ജീവിതകാലം മുഴുവന്‍ സൗജന്യഭക്ഷണം കഴിക്കാമെന്നല്ല’. ഈ നിയമത്തിന്റെ യുക്തി തനിക്ക് മനസ്സിലായി. എങ്കിലും ഇന്ത്യൻ സന്ദർശകരെ മാത്രം വേർതിരിച്ചു കാണിച്ചതാണ് തന്നെ വിഷമിപ്പിച്ചതെന്ന് ഡോ. അര്‍ഷിത് പറയുന്നു.
എന്നിരുന്നാലും, ഇന്ത്യൻ സന്ദർശകരെ അന്യായമായി ഒറ്റപ്പെടുത്തിയതാണ് തന്നെ ശരിക്കും അസ്വസ്ഥനാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
“എന്നെ വേദനിപ്പിച്ച ഒരു യഥാർത്ഥ കാര്യം, ആ സന്ദേശം എല്ലാവരെയും അഭിസംബോധന ചെയ്യാമായിരുന്നു എന്നതാണ്. പക്ഷേ അത് പ്രത്യേകമായി ആരംഭിച്ചത്: ‘പ്രിയപ്പെട്ട ഇന്ത്യൻ വിനോദസഞ്ചാരികളെ,'” എന്ന് പറഞ്ഞുകൊണ്ടാണ്,” അദ്ദേഹം വിശദീകരിച്ചു.