ഇന്ത്യന്‍ ടെക്കി യുഎസില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. വംശീയ അധിക്ഷേപമെന്ന് കുടുംബം

​​​​​​​

 
INDIAN TECHY



വാഷിംഗ്ടണ്‍:അമേരിക്കയില്‍ ഇന്ത്യന്‍ ടെക്കിയെ പൊലീസ് വെടിവെച്ചു കൊന്നു. തെലങ്കാനയിലെ മഹബൂബ്‌നഗറില്‍ നിന്നുള്ള 33കാരനായ മുഹമ്മദ് നിസാമുദ്ദീന്‍ ആണ് കൊല്ലപ്പെട്ടത്. 

വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിനെ നിസാമുദ്ദീന്‍ കത്തി കൊണ്ടു കുത്തിയിരുന്നു. സംഭവം അറിഞ്ഞ് താമസസ്ഥലത്തെത്തിയ പൊലീസ് നിസാമുദ്ദീനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 


അതേസമയം വംശീയ അധിക്ഷേപം നടന്നിട്ടുണ്ടെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ആരോപിച്ച് യുവാവിന്റെ കുടുംബം രംഗത്തെത്തി.

കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ നിസാമുദ്ദീന്‍ കാലിഫോര്‍ണിയയിലെ സാന്താ ക്ലാരയിലെ ഒരു ടെക് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. 

യുഎസില്‍ വംശീയ അധിക്ഷേപം നേരിട്ടതായി മകന്‍ നേരത്തെ പറഞ്ഞിരുന്നെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കുന്നു. 

വംശീയ പീഡനം, വേതന തട്ടിപ്പ്, ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍ എന്നിവയെക്കുറിച്ച് നിസാമുദ്ദീന്‍ പരസ്യമായി പരാതികള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. 

അതിനാല്‍ നിസാമുദ്ദീന്റെ മരണത്തില്‍ സംശയമുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും കുടുംബം വ്യക്തമാക്കി.

സാന്താക്ലാരയിലെ താമസസ്ഥലത്ത് ഒപ്പം താമസിക്കുന്നയാളെ യുവാവ് കുത്തി എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. 

തങ്ങള്‍ റൂമിലെത്തുമ്പോള്‍ നിസാമുദ്ദീന്റെ സുഹൃത്ത് പരുക്കുകളോടെ കിടക്കുകയായിരുന്നെന്നും യുവാവ് അക്രമാസക്തമായതോടെയാണ് വെടിവെച്ചതെന്നുമാണ് പൊലീസ് ഭാഷ്യം. 

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയുമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

അതേസമയം യുവാവിന്റെ മൃതദേഹം സാന്താ ക്ലാരയിലെ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ കുടുംബം വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്.
 

Tags

Share this story

From Around the Web