അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു, മൃതദേഹം തിരികെ നല്‍കണമെന്ന് തെലങ്കാന എംഎല്‍എ

 
telugana



ഹൈദരാബാദ്: ഉന്നത പഠനത്തിനായി അമേരിക്കയില്‍ ടെക്‌സാസില്‍ പോയ ഹൈദരാബാദില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അക്രമികള്‍ വെടിവച്ച് കൊന്നു. 

ചന്ദ്രശേഖര്‍ പോള്‍ എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ബിആര്‍എസ് എംഎല്‍എ ഹരീഷ് റാവു, മറ്റ് പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ചന്ദ്രശേഖറിന്റെ ഹൈദരാബാദിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.


ബിആര്‍എസ് നേതാവ് തന്റെ 'എക്‌സ്' പേജിലൂടെയാണ് സംഭവം ലോകത്തെ അറിയിച്ചത്. ''ബിഡിഎസ് പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കയിലേക്ക് (ഡാളസ്) ഉന്നത പഠനത്തിനായി പോയ എല്‍ബി നഗറില്‍ നിന്നുള്ള ചന്ദ്രശേഖര്‍ പോള്‍ എന്ന ദളിത് വിദ്യാര്‍ത്ഥി, അതിരാവിലെ അക്രമികള്‍ നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് ദാരുണമാണ്,'' അദ്ദേഹം കുറിച്ചു.

കൂടുതല്‍ പഠനത്തിനായി ഡാളസിലേക്ക് പോകുന്നതിനുമുമ്പ് ചന്ദ്രശേഖര്‍ ഇന്ത്യയില്‍ ബിഡിഎസ് (ബാച്ചിലര്‍ ഓഫ് ഡെന്റല്‍ സര്‍ജറി) പൂര്‍ത്തിയാക്കിയതായി ഹരീഷ് റാവു അറിയിച്ചു. 

സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച ഹരീഷ് റാവു, കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ക്കായി തിരികെ നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കണമെന്ന് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള തെലങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 കേന്ദ്ര സര്‍ക്കാരും ഈ വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും ബിആര്‍എസ് പാര്‍ട്ടി ആവശ്യപ്പെട്ടു. 

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഈ സംഭവം വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്.

Tags

Share this story

From Around the Web