സാമൂഹികാവകാശങ്ങളുടെ 'മാഗ്‌നാ കാര്‍ട്ടാ'യ്ക്ക് വേണ്ടി അഭ്യര്‍ത്ഥനയുമായി ഇന്ത്യന്‍ ക്രൈസ്തവര്‍

 
VATICAN NEWS

വത്തിക്കാന്‍സിറ്റി:സാഹോദര്യവും സമാധാനവും ഉറപ്പുവരുത്തുന്നതും പരസ്പര ഐക്യത്തോടെ നേടാന്‍ കഴിയുന്നതുമായ ശോഭനമായ ഭാവിക്കായി ആഹ്വാനം ചെയ്ത് ഇന്ത്യന്‍ ക്രൈസ്തവര്‍. 

ഇത്തരമൊരു വികസനം സാധ്യമാകുന്നതിന്റെ കൂടി ഭാഗമായി, രാജ്യത്തെ വിവിധ സമൂഹങ്ങളുടെ അവകാശങ്ങള്‍ വ്യക്തമാക്കുന്ന 'മാഗ്‌ന കാര്‍ട്ട' പുറത്തിറക്കേണ്ട ആവശ്യമുണ്ടെന്ന് 'അഖിലേന്ത്യാ കത്തോലിക്കാ യൂണിയന്‍'എന്ന സംഘടനയുടെ വക്താവ് ജോണ്‍ ദയാല്‍ ഒസ്സെര്‍വത്തോരെ റൊമാനൊ-യ്ക്കനുവദിച്ച അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന പേരില്‍ അറിയപ്പെടുന്ന ഇന്ത്യയുടെ മെച്ചപ്പെട്ട ഒരു ഭാവിക്കായി, എല്ലാ സമൂഹങ്ങളുടെയും അവകാശങ്ങള്‍ മാനിക്കപ്പെടണമെന്നും സമത്വവും തുല്യ സാധ്യതകളും ഉറപ്പാക്കപ്പെടേണ്ടതുണ്ടെന്നും 106 വര്‍ഷങ്ങളോളമായി രാജ്യത്തെ ക്രൈസ്തവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഈ അല്‍മായ സംഘടനയുടെ മുന്‍ പ്രസിഡന്റ് കൂടിയായ ജോണ്‍ ദയാല്‍  ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന അക്രമങ്ങളുടെയും വിവേചനത്തിന്റെയും മുന്നില്‍, ക്രൈസ്തവസമൂഹങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഒരു രേഖ പുറത്തിറക്കുന്നത് ആവശ്യമാണെന്ന് രാജ്യത്തെ മൂന്ന് സഭകളിലുമായി നൂറ്റിയിരുപതോളം രൂപതകളില്‍ പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യാ കത്തോലിക്കാ യൂണിയന്‍ ആവശ്യപ്പെട്ടു. 

ഇത്തരമൊരു ആവശ്യം വിവിധ ക്രൈസ്തവസഭകള്‍ക്കിടയില്‍ മുന്‍പുതന്നെ ഉയര്‍ന്നുവന്നിരുന്നുവെന്നും, എന്നാല്‍ അത് യാഥാര്‍ത്ഥ്യവത്കരിക്കപ്പെടേണ്ട സമയം ആയിരിക്കുന്നുവെന്നും ദയാല്‍ അഭിപ്രായപ്പെട്ടു.

2025 ഇന്ത്യയിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന തോതിലുള്ള ആക്രമണങ്ങളും ഭീഷണികളും നേരിട്ട ഒരു വര്‍ഷമായിരുന്നുവെന്ന് ഈ ഇന്ത്യന്‍ അല്‍മായ സംഘടന ഓര്‍മ്മിപ്പിച്ചു.

 ഉത്തര്‍ പ്രദേശ്, ഛത്തീസ്ഘട്ട്, മധ്യപ്രദേശ്, ഒറീസ എന്നിവിടങ്ങളില്‍ നിരവധി പ്രതിസന്ധികളും, ക്രിസ്തുമസ് കാലത്ത് കൂടുതലായ ആക്രമണങ്ങളും രേഖപ്പെടുത്തപ്പെട്ടുവെന്നും ദയാല്‍ ഒസ്സെര്‍വ്വത്തോറെ റൊമാനൊയോട് പറഞ്ഞു. 

'ക്രൈസ്തവ ഐക്യ ഫോറം' നല്‍കുന്ന കണക്കുകള്‍ പ്രകാരം, 2025 ജനുവരി മുതല്‍ നവംബര്‍ വരെ മാത്രം 706 അക്രമസംഭവങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ രാജ്യത്ത് ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇന്ത്യന്‍ എവാഞ്ചെലിക്കല്‍ കൂട്ടായ്മ പോലെയുള്ള സംഘടനകളുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശില്‍ മാത്രം നൂറ്റിയെണ്‍പത്തിമൂന്നും ഛത്തീസ്ഘട്ടില്‍ നൂറ്റിയന്‍പത്തിയാറ് അക്രമസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ക്രിസ്തുമസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലുള്‍പ്പെടെ 60 ഇടങ്ങളില്‍ ക്രൈസ്തവര്‍ അതിക്രമങ്ങള്‍ നേരിട്ടുവെന്ന് അഖിലേന്ത്യാ കത്തോലിക്കാ യൂണിയന്‍ വക്താവ് ഓര്‍മ്മിപ്പിച്ചു.

 ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍, വെറുപ്പിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ചില തീവ്രവാദനേതൃത്വങ്ങളുടെയും സംഘടനകളുടെയും ചിന്തകളും പ്രസംഗങ്ങളുമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. 

ക്രൈസ്തവര്‍ വിദേശികളാണെന്ന രീതിയിലുള്ള വ്യാഖ്യാനവും ഇത്തരം പ്രവര്‍ത്തികള്‍ക്ക് പിന്നില്‍ ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

12 സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം ബുദ്ധിമുട്ടേറിയതാക്കുന്ന നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് അറിയിച്ച ഈ അല്‍മായ സംഘടനാ വക്താവ്, ഇത്തരം നിയമനങ്ങള്‍ അക്രമത്തിനുവേണ്ടി അന്യായമായ രീതിയില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.

നിലവിലെ സാഹചര്യങ്ങളില്‍, ഇന്ത്യന്‍ ഭരണഘടന അതിന്റെ ഇരുപത്തിയഞ്ച് മുതല്‍ ഇരുപത്തിയെട്ട് വരെയുള്ള വകുപ്പുകളില്‍ സൂചിപ്പിക്കുന്ന അവകാശങ്ങള്‍ മുന്നില്‍ കണ്ട് മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നത് കൂടി ലക്ഷ്യമാക്കി എല്ലാ ക്രൈസ്തവര്‍ക്കും അംഗീകരിക്കാനാകുന്ന വിധത്തിലുളള ഒരു കരാര്‍ തയ്യാറാക്കപ്പെടേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ജോണ്‍ ദയാല്‍ പ്രസ്താവിച്ചു.

2026-ല്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് എതിരാകുന്ന രീതിയിലുള്ള വ്യവസ്ഥകള്‍ ഉണ്ടാകരുതെന്നും 2026-നും 2027-നും ഇടയില്‍ നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പ് ജാതി, വംശം, മതം, സംസ്‌കാരം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിഭജനങ്ങള്‍ വഷളാക്കുന്നില്ല എന്നത് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags

Share this story

From Around the Web