മധ്യപൂര്‍വേഷ്യയിലും ഇറാനിലും സമാധാനം പുലരുന്നതിനായി പ്രാര്‍ത്ഥനകള്‍ക്ക് ആഹ്വാനം ചെയ്ത് ഭാരത കത്തോലിക്ക മെത്രാന്‍സമതി
ന്യൂഡല്‍ഹി: മധ്യപൂര്‍വേഷ്യയിലും ഇറാനിലും വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളിലും യുദ്ധസമാനമായ സാഹചര്യങ്ങളിലും ആശങ്ക രേഖപ്പെടുത്തി ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ).
ഈ പ്രതിസന്ധി പരിഹരിക്കാന്‍ ബന്ധപ്പെട്ട എല്ലാ രാഷ്ട്രത്തലവന്മാരും ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും അക്രമത്തിന്റെ പാത ഉപേക്ഷിച്ച് സമാധാനത്തിന്റെ വഴി തിരഞ്ഞെടുക്കണമെന്നും സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ആന്തണി പൂല ആഹ്വാനം ചെയ്തു.
അക്രമവും സംഘര്‍ഷവും ദുരിതങ്ങള്‍ക്കും നിരാശയ്ക്കും മാത്രമേ കാരണമാകൂ. ആഗോള നേതാക്കള്‍ മനുഷ്യന്റെ അന്തസ്സിന് മുന്‍ഗണന നല്‍കണം.
പ്രശ്നപരിഹാരത്തിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. യഥാര്‍ത്ഥ കരുത്ത് സൈനിക ശക്തിയിലല്ല, മറിച്ച് നിലനില്‍ക്കുന്ന സമാധാനത്തിനായുള്ള അചഞ്ചലമായ പരിശ്രമത്തിലാണെന്നും കര്‍ദിനാള്‍ പറഞ്ഞു.
ആത്മീയ നവീകരണത്തിന്റെയും വ്രതാനുഷ്ഠാനത്തിന്റെയും പുണ്യസമയമായ ഈ നോമ്പുകാലത്ത്, ലോകസമാധാനത്തിനായി ഭാരതത്തിലെ എല്ലാ ക്രൈസ്തവരും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ സിബിസിഐ ആഹ്വാനം ചെയ്തു.
സംഘര്‍ഷങ്ങളില്‍ നിരപരാധികളായ ഒട്ടേറെ മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതില്‍ സഭക്ക് വേദനയുണ്ടെന്നും യുദ്ധക്കെടുതികളില്‍ അകപ്പെട്ടുപോകുന്ന പാവപ്പെട്ട കുട്ടികളുടെ അവസ്ഥ സങ്കടപ്പെടുത്തുന്നതാണെന്നും സിബിസിഐയുടെ കുറിപ്പില്‍ പറയുന്നു.