ലോക്‌സഭയിൽ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഭാരത കത്തോലിക്ക മെത്രാൻ സമിതി
ലോക്‌സഭയിൽ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഭാരത കത്തോലിക്ക മെത്രാൻ സമിതി. ഈ ഭേദഗതി ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണെന്ന് സി.ബി.സി.ഐ പ്രസ്താവനയിൽ വ്യക്തമാക്കി.
ലൈസൻസ് പുതുക്കുന്നതിന്റെ മറവിൽ ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവർത്തനങ്ങളിൽ അനാവശ്യമായി ഇടപെടാൻ എക്സിക്യൂട്ടീവിന് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഇത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. ലൈസൻസ് പുതുക്കാതിരിക്കാനോ റദ്ദാക്കാനോ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നതിനൊപ്പം, പുതിയ അതോറിറ്റി വഴി ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഫണ്ട്, സ്വത്തുക്കൾ, ആസ്തികൾ എന്നിവയുടെ നിയന്ത്രണം ഏറ്റെടുക്കാൻ വ്യവസ്ഥ ചെയ്യുന്ന നീക്കം അംഗീകരിക്കാനാവില്ലെന്ന് സി.ബി.സി.ഐ വ്യക്തമാക്കി.
പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം അവഗണിച്ചുകൊണ്ട് ഏകപക്ഷീയമായി ബിൽ അവതരിപ്പിച്ചതിനു ഭാരത മെത്രാൻ സമിതി ചോദ്യം ചെയ്തു. മൗലികാവകാശങ്ങളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ കൂടിയാലോചനകളും ചർച്ചകളും ആവശ്യമാണെന്ന് CBCI ആവശ്യപ്പെട്ടു.
FCRA രജിസ്ട്രേഷൻ കാലാവധി കഴിയുന്നതോടെ എൻ.ജി.ഒകളുടെ വിദേശ ഫണ്ടും ആസ്തികളും കേന്ദ്രത്തിന് ഏറ്റെടുക്കാമെന്ന വ്യവസ്ഥ സ്വാഭാവിക നീതിക്ക് നിരക്കാത്തതാണ്. സുതാര്യതയുടെയും ഉത്തരവാദിത്തത്തിന്റെയും പേരിൽ കൊണ്ടുവരുന്ന ഇത്തരം കർശന നിയന്ത്രണങ്ങൾ യഥാർത്ഥത്തിൽ സന്നദ്ധ സംഘടനകളെ അടിച്ചമർത്താനാണെന്ന് സിബിസിഐ വ്യക്തമാക്കി.
ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിവാദപരമായ വ്യവസ്ഥകൾ ബില്ലിൽ നിന്ന് നീക്കം ചെയ്യണമെന്നും ഭേദഗതികൾ പുനഃപരിശോധിക്കണമെന്നും പ്രസ്താവനയിലൂടെ സി.ബി.സി.ഐ ആവശ്യപ്പെട്ടു.