പ്രതിരോധ രഹസ്യങ്ങൾ പാക് ഏജന്റിന് ചോർത്തി നൽകി, വ്യോമസേനാ വിങ് കമാൻഡർ അറസ്റ്റിൽ

 
ww

ന്യൂഡൽഹി: രാജ്യത്തിന്റെ തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യങ്ങൾ പാക് രഹസ്യാന്വേഷണ ഏജൻസിക്ക് ചോർത്തി നൽകിയ കേസിൽ വ്യോമസേനാ വിങ് കമാൻഡർ അറസ്റ്റിൽ. മെയ് 31-ന് അറസ്റ്റിലായ ഇദ്ദേഹം ഇപ്പോൾ ഡൽഹി തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പാക് ഏജന്റിന്റെ ഹണി ട്രാപ്പിൽ കുടുങ്ങിയാണ് ഉദ്യോഗസ്ഥൻ വിവരങ്ങൾ കൈമാറിയതെന്നാണ് ലഭിക്കുന്ന വിവരം.

സൈനിക നീക്കങ്ങൾ സംബന്ധിച്ച അതീവ രഹസ്യ വിവരങ്ങളും ഫോട്ടോകളും വീഡിയോകളും വിന്യാസത്തെക്കുറിച്ചുള്ള വിശദാംശങ്ങളുമാണ് ഇയാൾ പങ്കുവെച്ചിരുന്നത്. ഇതിനുപുറമേ, സഹപ്രവർത്തകന്റെ മൊബൈൽ ഫോണിൽ ചാര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തും വിവരങ്ങൾ ചോർത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യൻ വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിങ് കമാൻഡർ കുറച്ചുകാലമായി വ്യോമസേനയുടെ നിരീക്ഷണത്തിലായിരുന്നുവെന്ന് വക്താവ് വ്യക്തമാക്കി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതിഗൗരവമായ വിവരങ്ങൾ ചോർത്തിയതിന് ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് (Official Secrets Act) കേസെടുത്തിരിക്കുന്നത്. തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ ലക്ഷ്യമിട്ടുള്ള വലിയൊരു ചാര ശൃംഖലയിലേക്കാണ് ഈ അറസ്റ്റ് വിരൽ ചൂണ്ടുന്നതെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Tags

Share this story

From Around the Web