ഉത്തേജക മരുന്നടിയിൽ ഇന്ത്യ ഒന്നാമത്. 2024ലെ പരിശോധന റിപ്പോർട്ട്‌ പ്രകാരം ഏറ്റവും കൂടുതൽ മരുന്നടി ഇന്ത്യയിൽ

 
world

ന്യൂഡൽഹി: ഒളിമ്പിക്‌സിന്‌ ആതിഥേയരാകാനുളള ഒരുക്കങ്ങൾക്കിടെ കായികരംഗത്ത്‌ ഇന്ത്യക്ക്‌ മരുന്നടിയുടെ അപമാനം. ലോക ഉത്തേജക വിരുദ്ധ സമിതിയുടെ (വാഡ) 2024ലെ പരിശോധന റിപ്പോർട്ട്‌ പ്രകാരം ഏറ്റവും കൂടുതൽ മരുന്നടി ഇന്ത്യയിലാണ്‌. 

കഴിഞ്ഞ വർഷം 7113 പരിശോധനയിൽ 260 എണ്ണം പോസിറ്റീവായി. 3.6 ശതമാനമാണ്‌ പോസിറ്റിവിറ്റി നിരക്ക്‌. പ്രധാന രാജ്യങ്ങളിൽവച്ച്‌ ഏറ്റവും കൂടുതലാണിത്‌. 

മരുന്നടിയിലെ ഉയർന്ന കണക്ക്‌ 2036ലെ ഒളിന്പിക്‌സിന്‌ ആതിഥേയരാകാനുള്ള ശ്രമത്തിന്‌ തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്‌. രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി (ഐഒസി) ഇക്കാര്യം പരിശോധിക്കാനുള്ള സാധ്യത നിലനിൽക്കുന്നു.

അതിനിടെ ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ) ഇ‍ൗ വർഷം നടത്തിയ പരിശോധനയിൽ മാറ്റമുണ്ടെന്നാണ്‌ അവകാശപ്പെടുന്നത്‌. 

ഇ‍ൗ വർഷം ഇതുവരെ 7068 ടെസ്‌റ്റ്‌ നാഡ നടത്തി. 110 എണ്ണം പോസിറ്റീവായി. 1.5 ശതമാനമാണ്‌ പോസിറ്റിവിറ്റി നിരക്ക്‌.

വാഡ റിപ്പോർട്ട്‌ പ്രകാരം 2024ൽ ചൈനയുടെ നിരക്ക്‌ 0.2 ശതമാനവും റഷ്യയുടേത്‌ 1.1 ശതമാനവുമാണ്‌. പാകിസ്ഥാൻ, മംഗോളിയ തുടങ്ങിയ രാജ്യങ്ങൾ മാത്രമാണ്‌ ഇന്ത്യക്ക്‌ മുന്നിലുള്ളത്‌. ഇ‍ൗ രാജ്യങ്ങളിൽ ടെസ്‌റ്റുകളുടെ എണ്ണം കുറവാണ്‌.

Tags

Share this story

From Around the Web