നേപ്പാളില്‍ വന്‍ രക്ഷാ ദൗത്യത്തിന് ഇന്ത്യ; MI 17, ധ്രുവ് ഹെലികോപ്റ്ററുകള്‍ തയ്യാറാക്കി നിര്‍ത്തി
കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശം. തീരങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്. ബിഹാറിലും ജാഗ്രതാ നിര്‍ദേശമുണ്ട്. ബിഹാറിലേക്ക് 9 ടീം NDRF സംഘത്തെ അയച്ചു.
ഇതില്‍ 2 ടീമുകളെ പശ്ചിമ ചമ്പാരനിലേക്കും മുസാഫര്‍പൂരിലേക്കും അടിയന്തരമായി അയച്ചു. ഉത്തര്‍പ്രദേശിലേക്ക് ആകെ 11 ടീമുകളെ വിന്യസിച്ചു. ഇതില്‍ ഒന്നിലധികം ടീമിനെ കുഷിനഗറിലേക്ക് അയച്ചു. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലും അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു കഴിഞ്ഞു. ബിഹാറിലെ ഗണ്ഡക് നദീതിരത്ത് നിന്ന് രാത്രി ആളുകളെ ഒഴിപ്പിച്ചു.
മിന്നല്‍ പ്രളയം ബിഹാറിനെയും ഉത്തര്‍പ്രദേശിനെയും കാര്യമായി ബാധിക്കുമെന്നാണ് ആശങ്ക. ?ബിഹാറില്‍ വാല്‍മീകിനഗര്‍ ബാരേജിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു. അതേസമയം, നേപ്പാള്‍ വിറങ്ങലിച്ച മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 160 കടന്നു. കാണാതായവരുടെ എണ്ണവും ഉയരുകയാണ്. 133 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 384 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.ആകെ കാണാതായവരില്‍ 291 വിദേശ പൗരന്മാരും 93 നേപ്പാള്‍ സ്വദേശികളുമാണുള്ളത്. 19 പാലങ്ങളും 40 കിലോമീറ്റര്‍ റോഡും തകര്‍ന്നു.
ഒരു പ്രദേശത്ത് ഒരിടത്തും മഴ പെയ്യാതിരുന്നിട്ടും നദികള്‍ കരകവിഞ്ഞൊഴുകി നിമിഷങ്ങള്‍ക്കകം പ്രളയമുണ്ടായതിന് പിന്നില്‍ ഗ്ലോഫ് അഥവാ ഹിമതടാക വിസ്‌ഫോടനമെന്ന പ്രതിഭാസമാണ് മിന്നല്‍ പ്രളയത്തിന് പിന്നിലെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. നേപ്പാളിന്റെ പ്രധാന വ്യാപാര പാതകളും പാലങ്ങളും ജലവൈദ്യുത പദ്ധതികളും പ്രളയത്തില്‍ തകര്‍ന്നു. നേപ്പാളിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ റസുവഗഡി, ടിമുറെ, സ്യാഫ്രുബെസി തുടങ്ങിയ പ്രദേശങ്ങള്‍ നിമിഷങ്ങള്‍ക്കകം വെള്ളത്തിനടിയിലായി.
10 ടണ്‍ ദുരിതാശ്വാസ സാമഗ്രികളും അടിയന്തര മരുന്നുകളുമായി ഇന്ത്യന്‍ വ്യോമസേനയുടെ സി-130ജെ വിമാനം നേപ്പാളിലേക്ക് എത്തി. വന്‍ രക്ഷാ ദൗത്യത്തിനായി ഇന്ത്യ MI 17, ധ്രുവ് ഹെലികോപ്റ്ററുകള്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ്.