ഡെങ്കിപ്പനിക്ക് വാക്സിന്‍ കണ്ടെത്താന്‍ ഇന്ത്യ. മൂന്നാംഘട്ട പരീക്ഷണത്തിന് ആരംഭം

നിരവധി പേരെ ബുദ്ധിമുട്ടിലാക്കുന്ന രോഗങ്ങളില്‍ ഒന്നാണ് കൊതുക് മൂലം പകരുന്ന ഡെങ്കിപ്പനി. ഈ അസുഖം മരണത്തിന് വരെ കാരണമാവാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ ആദ്യത്തെ ഡെങ്കി വാക്സിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണ്. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അതേസമയം രണ്ട് വര്‍ഷമാണ് മൂന്നാംഘട്ട പരീക്ഷണത്തിന്റെ കാലാവധി. 2027 അവസാന പാദത്തോടെ ആയിരിക്കും വാക്സിന്റെ നിരീക്ഷണ കാലയളവ് അവസാനിക്കുക. ഐസിഎംആറും പനേഷ്യ ബയോടെക്കും ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്.
സിംഗിള്‍-ഡോസില്‍ ഡെങ്കി നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലാണ് വാക്സിന്‍ നിര്‍മാണം. രാജ്യവ്യാപകമായി 20 കേന്ദ്രങ്ങളിലായി 10,335 ജോഡി ആളുകളിലാണ് വാക്സിന്‍ പരീക്ഷണം നടത്തുന്നത്. 70% ത്തിലധികം പേര്‍ ഇതിനകം ഇതിനായി എന്റോള്‍ ചെയ്തിട്ടുണ്ട്.
ചെന്നൈ, പൂനെ, ഹൈദരാബാദ്, ബെംഗളൂരു, ന്യൂഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലെ പ്രമുഖ മെഡിക്കല്‍ സ്ഥാപനങ്ങളിലാണ് പരീക്ഷണം നടക്കുന്നത്. ഇന്ത്യയില്‍ എല്ലാ വര്‍ഷവും സീസണല്‍ ഡെങ്കിപ്പനി പടരാറുണ്ട്. ആഗോളതലത്തില്‍ ഓരോ വര്‍ഷവും ഏകദേശം 390 ദശലക്ഷം ഡെങ്കിപ്പനി അണുബാധകള്‍ ഉണ്ടാകുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.