''മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും'': യുഎസിന്റെ പുതിയ എച്ച്-1ബി വിസ നിയമത്തിൽ പ്രതികരിച്ച് ഇന്ത്യ

 
MODI AND TRUMPH


ന്യൂഡൽഹി:  പുതിയ എച്ച്-1ബി വിസ നിയമത്തിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തി വരികയാണെന്ന് കേന്ദ്ര സർക്കാർ. വാർഷിക ഫീസ് 100,000 യുഎസ് ഡോളർ (88 ലക്ഷത്തിലധികം രൂപ) ചുമത്തുന്ന ഈ നിയമത്തിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തി വരികയാണെന്നും ഇരു രാജ്യങ്ങളിലെയും വളർച്ചയ്ക്കും നവീകരണത്തിനും വൈദഗ്ധ്യമുള്ള പ്രതിഭകളുടെ കൈമാറ്റം നിർണായകമാണെന്നും സർക്കാർ പറഞ്ഞു.

ഈ നീക്കത്തിന്റെ ആഘാതം പരിഹരിക്കാൻ യുഎസ് അധികാരികളോട് ആവശ്യപ്പെട്ടു. ഇത് മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിസ ഉടമകളുടെ കുടുംബങ്ങളെ തടസ്സപ്പെടുത്തുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

"കുടുംബങ്ങൾക്കുണ്ടാകുന്ന തടസ്സങ്ങൾ മൂലം മാനുഷികമായ പ്രത്യാഘാതങ്ങൾ ഈ നടപടിക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. യുഎസ് അധികാരികൾക്ക് ഈ തടസ്സങ്ങൾ ഉചിതമായി പരിഹരിക്കാൻ കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു," വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.


എച്ച്-1ബി വിസ കൈവശം വച്ചിരിക്കുന്ന ഉയർന്ന വൈദഗ്ധ്യമുള്ള ഓരോ വിദേശ തൊഴിലാളിക്കും യുഎസ് കമ്പനികൾ വാർഷിക ഫീസ് 100,000 യുഎസ് ഡോളർ നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ചയാണ് ഒപ്പുവെച്ചത്.

ഈ ഫീസ് അടച്ചില്ലെങ്കിൽ എച്ച്-1ബി വിസ ഉടമകളെ യുഎസിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. ഇത് ടെക് തൊഴിലാളികളിൽ, പ്രത്യേകിച്ച് എച്ച്-1ബി വിസ ഉടമകളിൽ 70 ശതമാനത്തോളം വരുന്ന ഇന്ത്യക്കാർ ഇതോടെ ആശങ്കയിലാണ്.

Tags

Share this story

From Around the Web