പത്തു പേരുടെയല്ല ഇന്ത്യ

ജോര്‍ജ് കള്ളിവയലില്‍ /ഡല്‍ഹിഡയറി
India is not just for the rich. High time to ensure more equitable distribution of wealth, reosurces and ensure justice and equality for all.
2015നും 2022നും ഇടയില്‍ ലക്ഷത്തിലേറെ (1,00,474 പേര്‍) കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഇന്ത്യയില്‍ ആത്മഹത്യ ചെയ്തതായി ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്ക് കഴിഞ്ഞയാഴ്ച ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാര്‍ഷിക പ്രതിസന്ധിയുടെ വ്യക്തവും ദാരുണവുമായ സൂചനയാണിത്.
എന്നിട്ടും, കാര്‍ഷിക മേഖലയ്ക്കു തുച്ഛമായ പരിഗണനയാണു ലഭിച്ചത്. കഴിഞ്ഞ ജൂലൈയിലെ കേന്ദ്രബജറ്റില്‍ വളം സബ്‌സിഡിയില്‍ 24,894 കോടി രൂപയാണ് വെട്ടിക്കുറച്ചത്. പാവപ്പെട്ടവരുടെ ഭക്ഷ്യ സബ്‌സിഡി 7,082 കോടിയും കുറിച്ചു.
ദേശീയ തൊഴിലുറപ്പിനുള്ള വിഹിതവും വെട്ടിക്കുറിച്ചു. കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമുള്ള മൊത്തം വിഹിതം 2019ലെ 5.44 ശതമാനത്തില്‍നിന്ന് 2024ല്‍ 3.15 ശതമാനമായി കുറഞ്ഞു.
രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളുടെ കണ്ണു തുറപ്പിക്കാന്‍ ഒരു ലക്ഷം പേരുടെ ജീവനെടുത്താല്‍ മതിയാകില്ലെങ്കില്‍ ഭരണസംവിധാനങ്ങള്‍ തന്നെ ദുരന്തമാണ്. രാജ്യത്തിന്റെ സന്പത്തും വിഭവങ്ങളും സന്പന്നര്‍ക്കായി വാരിക്കോരി കൊടുക്കുന്നതിന്റെകൂടി ദുരന്തം.
പട്ടിണിപ്പാവങ്ങള്‍ക്കും പാവപ്പെട്ട തൊഴിലാളികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും പരന്പരാഗത ചെറുകിട വ്യവസായികള്‍ക്കുംകൂടി അര്‍ഹതപ്പെട്ട ന്യായമായ വിഹിതവും സാന്പത്തികനേട്ടവും നേടിയെടുക്കാന്‍ പൊതുസമൂഹം ശബ്ദമുയര്‍ത്താതെ രക്ഷയില്ല.
വിദ്യാഭ്യാസത്തിലും തൊഴിലിലും സന്പത്തിലും അടക്കം തുല്യാവസരങ്ങളും തുല്യനീതിയും ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും മുന്‍കൈയെടുത്തേ മതിയാകൂ.