പ്രതിഷേധം കടുപ്പിച്ച് ഇന്ഡ്യ മുന്നണി; നവംബര് 1ന് മഹാറാലി; മിന്നല് സമരങ്ങള് തുടരാന് വിദ്യാര്ഥി സംഘടനകള്,സിജെപി നേതാക്കളെ ഇന്ന് കോടതിയില് ഹാജരാക്കും
ഡല്ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ഡ്യ മുന്നണിയുടെയും വിവിധ വിദ്യാര്ഥി-യുവജന സംഘടനകളുടെയും നേതൃത്വത്തിലുള്ള പ്രതിഷേധങ്ങള് രാജ്യതലസ്ഥാനത്ത് ശക്തമാകുന്നു. സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയില് നവംബര് 1-ന് നടക്കുന്ന മഹാറാലിക്ക് മുന്നോടിയായി വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും മഹാറാലികള് സംഘടിപ്പിക്കാന് തീരുമാനിച്ചിട്ടുണ്ട്.
ഡല്ഹിയില് മിന്നല് സമരങ്ങളിലൂടെ പ്രതിഷേധം തുടരാനാണ് എസ്എഫ്ഐ, എഐഎസ്എ തുടങ്ങിയ വിദ്യാര്ഥി സംഘടനകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്നും ഡല്ഹിയില് എസ്എഫ്ഐയുടെ നേതൃത്വത്തില് പ്രതിഷേധ പരിപാടികള് നടക്കും. സമരത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് കേരളത്തില് നിന്നുള്ള നേതാക്കളായ ടി. സിദ്ദീഖ്, എം. ലിജു എന്നിവര് ഇന്ന് ഡല്ഹിയിലെത്തും.
തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടും എഫ്ഐആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും സുര്ജിത് ഭവനില് പ്രത്യേക പരിപാടി നടക്കും. പ്രശസ്ത നടന് പ്രകാശ് രാജ്, പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് തുടങ്ങിയവര് പരിപാടിയില് പങ്കെടുക്കും.
അതേസമയം, നിരോധനാജ്ഞ ലംഘിച്ച് ജന്തര് മന്തറിലേക്ക് കടന്ന സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക, അജിങ്ക്യ ഷിന്ഡെ എന്നിവരെ ഇന്ന് കോടതിയില് ഹാജരാക്കും. മന്ദിര് മാര്ഗ് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യല് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പിലാണ് ഹാജരാക്കുക. ഇവരെ ജുഡീഷ്യല് കസ്റ്റഡിയില് റിമാന്ഡ് ചെയ്യാനാണ് സാധ്യത. ഇതിനിടയിലും ഡല്ഹിയില് മിന്നല് സമരങ്ങള് തുടരാന് സിജെപി ആലോചിക്കുന്നുണ്ട്. അഭിജിത് ദീപ്കെയും വൈകാതെ ഡല്ഹിയിലെത്താനാണ് സാധ്യത.