'തുടരും ': നാല് വർഷത്തിന് ശേഷം നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും

ഈ മാസം അവസാനത്തോടെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും പരസ്പര ധാരണയായി.
ഇരു രാജ്യങ്ങളുടെയും സിവിൽ ഏവിയേഷൻ അധികൃതർ തമ്മിലുള്ള നിരന്തര ചർച്ചകൾക്കൊടുവിലാണ് കോവിഡ് സമയത്ത് നിർത്തിവച്ച നേരിട്ടുള്ള സർവീസുകൾ വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചത്.
ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്‍റ് ഷി ജിൻപിങ്ങും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം നടക്കുന്ന ഒരു പ്രധാന നയതന്ത്ര നീക്കമാണിത്.
ഇരു രാജ്യങ്ങളിലെയും വ്യോമയാന ഉദ്യോഗസ്ഥർ തമ്മിലുള്ള സാങ്കേതിക തല ചർച്ചകൾ നേരത്തേ ആരംഭിച്ചിരുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നേരിട്ടുള്ള കണക്റ്റിവിറ്റി പുനഃസ്ഥാപിക്കുന്നതിലും പുതുക്കിയ വ്യോമ സേവന കരാർ അന്തിമമാക്കുന്നതിലുമാണ് ഇരുഭാഗവും പ്രധാനമായും ചർച്ചകൾ നടത്തിയത്.
പുതിയ ക്രമീകരണം പ്രകാരം, ഈ മാസം അവസാനം മുതൽ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വിമാനക്കമ്പനികൾക്ക് നേരത്തെ തീരുമാനിച്ച പോയിന്‍റുകൾക്കിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ നടത്താൻ അനുമതി നൽകും.
കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതും അതിർത്തിയിലെ ഉരസലുകളുമാണ് ചൈനയിലേക്ക് നേരിട്ടുള്ള യാത്ര ഇന്ത്യ ഒഴിവാക്കാൻ കാരണം.
ഇത് പുനരാരംഭിക്കുന്നത് ഉഭയകക്ഷി ബന്ധങ്ങൾ ക്രമേണ സാധാരണ നിലയിലാക്കുന്നതിന് കാരണമാകുമെന്നാണ് നയതന്ത്ര വിദഗ്ധർ പറയുന്നത്.
ഡൊണാൾഡ് ട്രംപിന്റെ പ്രതികാരചുങ്കത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ചൈനയുമായി കൂടുതൽ നയതന്ത്രപരമായി അടുത്തത്.