സത്യജിത് റേയുടെ വീട് പൊളിക്കുന്നത് പുനഃപരിശോധിക്കാൻ ധാക്കയോട് ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡൽഹി: ചലച്ചിത്ര സംവിധായകൻ സത്യജിത് റേയുടെ പൂർവ്വിക ഭവനം പൊളിക്കുന്നത് പുനഃപരിശോധിക്കാൻ ധാക്കയോട് ആവശ്യപ്പെട്ട് ഇന്ത്യ. ബംഗ്ലാദേശിലെ മൈമെൻസിങ് നഗരത്തിലുള്ള ഇദ്ദേഹത്തിന്റെ വീട് പൊളിച്ചുമാറ്റാൻ തുടങ്ങിയെന്ന് ബംഗ്ലാദേശി വാർത്താ വെബ്‌സൈറ്റായ ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്ന് ശക്തമായ പ്രതികരണങ്ങൾ ഉണ്ടായത്. സത്യജിത് റേയുടെ മുത്തച്ഛനും കവി സുകുമാർ റേയുടെ പിതാവുമായ ഉപേന്ദ്ര കിഷോർ റേ ചൗധരിയാണ് ഈ കെട്ടിടം നിർമ്മിച്ചത്. നൂറ്റാണ്ട് പഴക്കമുള്ള ഈ കെട്ടിടം മുമ്പ് ഒരു അക്കാഡമി ആയി ഉപയോഗിച്ചിരുന്നു.
അതേസമയം പ്രാദേശിക അധികാരികളുടെ കാലങ്ങളായുള്ള അവഗണന കാരണം ഈ വീടിന് കേടുപാടുകൾ സംഭവിച്ചതായി ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. 1947-ൽ വിഭജനത്തിനുശേഷം ഈ പ്രദേശം കിഴക്കൻ പാകിസ്ഥാന്റെ ഭാഗമായപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ വീട് ഏറ്റെടുത്തു. പിന്നീട് 1989-ൽ ഇത് മൈമെൻസിംഗ് ശിശു അക്കാദമി എന്ന പേരിൽ പുനർനിർമ്മിക്കപ്പെട്ടു. നഗരത്തിന്റെ സാംസ്കാരികവും സാഹിത്യപരവുമായ, പൈതൃകത്തിന്റെ ഒരു പ്രധാന ഭാഗത്തെ ഇല്ലാതാക്കുന്നുവെന്ന് വാദിച്ചുകൊണ്ട് പ്രദേശവാസികൾ ഈ പൊളിക്കലിനെതിരെ എതിർപ്പ് പ്രകടിപ്പിചച്ചതായും റിപ്പോർട്ട് ഉണ്ട്.