സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും മേല്‍ ഉയര്‍ന്ന താരിഫ് ചുമത്തുമെന്ന് അറിയിച്ചിരുന്നതായി ട്രംപ്,

വാഷിങ്ടണ്‍ : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ ഇരു രാജ്യങ്ങള്‍ക്കുമെതിരേ ഉയര്‍ന്ന താരിഫ് ചുമത്തുമെന്ന് അറിയിച്ചിരുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളുടെയും മേല്‍ വലിയ താരിഫുകള്‍ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് താന്‍ ഇത് ചെയ്തതെന്നും ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസില്‍ നടന്ന യോഗത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. താന്‍ ആദ്യം പാക്കിസ്ഥാനുമായും പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും നേരിട്ട് സംസാരിച്ചുവെന്നും ട്രംപ് പറഞ്ഞു. ''നിങ്ങള്‍ ഒരു ആണവയുദ്ധത്തിലേക്ക് പോവുകയാണ്, അതുകൊണ്ട് നിങ്ങളുമായി വ്യാപാരക്കരാറുകളൊന്നും ഉണ്ടാക്കില്ല. ഉയര്‍ന്ന താരിഫുകള്‍ ചുമത്തും,'' എന്ന് താന്‍ പറഞ്ഞതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. അഞ്ച് മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിച്ചുവെന്നും, ഭാവിയില്‍ വീണ്ടും പ്രശ്‌നമുണ്ടായാല്‍ താന്‍ ഇടപെട്ട് അത് തടയുമെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യ ഈ വാദം തള്ളിയിട്ടുണ്ടെങ്കിലും ട്രംപ് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.