കൃപയ്ക്ക് കീഴില്‍ സ്വതന്ത്രര്‍'; ലെയോ പാപ്പയുടെ പുതിയ പുസ്തകവുമായി അഗസ്റ്റീനിയന്‍ സന്യാസ സമൂഹം

വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പായുടെ പ്രഭാഷണങ്ങളും ലേഖനങ്ങളും ചേര്‍ത്തുവച്ച പുസ്തകം അവതരിപ്പിച്ച് വത്തിക്കാന്‍ പുസ്തക പ്രസിദ്ധീകരണശാലയും അഗസ്റ്റീനിയന്‍ സന്യാസ സമൂഹവും.
ഒക്ടോബര്‍ 15 ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച പത്രക്കുറിപ്പ് വത്തിക്കാന്‍ പ്രസ് ഓഫീസ് പുറത്തുവിട്ടത്. 'കൃപയ്ക്ക് കീഴില്‍ സ്വതന്ത്രര്‍: 2001-2013 കാലയളവിലെ ലേഖനങ്ങളും ധ്യാനചിന്തകളും' എന്നപേരിലാണ് പുസ്തകം പുറത്തിറക്കുന്നത്.
ലെയോ പാപ്പ അഗസ്റ്റീനിയന്‍ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായിരുന്ന കാലത്ത് തയ്യാറാക്കിയ പ്രധാന രേഖകളും പ്രഭാഷണങ്ങളും ധ്യാനചിന്തകളും ഉള്‍പ്പെടുത്തിയാണ് പുതിയ പുസ്തകം.
ലെയോ പാപ്പാ സുപ്പീരിയര്‍ ജനറലായിരുന്ന കാലത്ത് തങ്ങളുടെ സന്യാസ സമൂഹവുമായോ ബന്ധപ്പെട്ട് പ്രാധാന്യത്തോടെ കണ്ട വിഷയങ്ങളെക്കുറിച്ചുള്ള ഒരു ചിത്രംകൂടിയാണ് പുസ്തകം നല്‍കുകയെന്ന് അഗസ്റ്റീനിയന്‍ സഭയുടെ ഇപ്പോഴത്തെ പ്രിയോര്‍ ജനറല്‍ ഫാ. ജോസഫ് ലോറന്‍സ് ഫാറല്‍ ഒഎസ്എ അറിയിച്ചു.
ലെയോ പതിനാലാമന്‍ പാപ്പായുടെ ആധ്യാത്മികത കൂടുതല്‍ അടുത്തറിയുവാനുള്ള ഒരു അവസരമാണിതെന്നും അദ്ദേഹത്തിന്റെ വിചിന്തനങ്ങളും, ധ്യാനചിന്തകളും, സുവിശേഷപ്രസംഗങ്ങളും, മറ്റ് പ്രഭാഷണങ്ങളും ഉള്‍പ്പെടുത്തുന്ന ഈ പ്രസിദ്ധീകരണമാണിതെന്നും 2026-ലെ വസന്തകാലത്ത് വത്തിക്കാന്‍ പുസ്തകപ്രസിദ്ധീകരണശാല ഇറ്റാലിയന്‍ ഭാഷയില്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കും.