രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ആദിവാസി മേഖലകളിലും ക്രൈസ്തവ സമൂഹത്തിനു നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ സംഘടനയായ 'പീപ്പിൾസ് ട്രൈബ്യൂണൽ
Jun 3, 2026, 20:40 IST
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ആദിവാസി മേഖലകളിലും ക്രൈസ്തവ സമൂഹത്തിനു നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ സംഘടനയായ 'പീപ്പിൾസ് ട്രൈബ്യൂണൽ'. ഡൽഹി പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സംഘടന രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കിയത്. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആസൂത്രിത ആക്രമണങ്ങളിലൂടെ, ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യമാണ് ഹനിക്കപ്പെടുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു. ആദിവാസി മേഖലകളിൽ ക്രൈസ്തവർ നേരിടുന്ന കടുത്ത പീഡനങ്ങളും അവഗണനകളും തുറന്നുകാട്ടുന്ന ഡോക്യുമെന്ററി വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അതിക്രമങ്ങൾക്ക് ഇരയായവർ നേരിട്ടെത്തി തങ്ങൾക്കുണ്ടായ ദുരനുഭവങ്ങളും ഭീതിജനകമായ സാഹചര്യങ്ങളും മാധ്യമങ്ങൾക്ക് മുന്നിൽ വിവരിച്ചിരുന്നു. പ്രമുഖ മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ജോൺ ദയാൽ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങളാണ് വാർത്താസമ്മേളനത്തിന് നേതൃത്വം നൽകിയത്. സാമൂഹ്യ പ്രവർത്തകയായ വിദ്യ ദിനകർ രാജ്യത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന ക്രൂരതകളെക്കുറിച്ച് വിശദീകരിച്ചു. പുരുഷന്മാരെ ക്രൂരമായി മർദ്ദിക്കുകയും, കന്യാസ്ത്രീകൾ അടക്കമുള്ള സ്ത്രീകളെയും പെൺകുട്ടികളെയും അതിക്രമങ്ങൾക്ക് ഇരയാക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. മതം മാറി എന്നാരോപിച്ച് ഗർഭിണികളെപ്പോലും ശാരീരികമായി ആക്രമിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. മതപരിവർത്തന നിരോധന നിയമം പാസാക്കിയ സംസ്ഥാനങ്ങളിലാണ് അക്രമങ്ങൾ കൂടുതലും സംഭവിക്കുന്നത്. മതപരിവർത്തന ആരോപണം അതിക്രമങ്ങൾക്കുള്ള മറയായി ഉപയോഗിക്കുകയാണെന്നും വിദ്യ ദിനകർ പറഞ്ഞു.