ക്രൈസ്തവര്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍; പ്രധാനമന്ത്രി മൗനം വെടിയണം: എ എ റഹീം എംപി
ന്യൂഡല്‍ഹി: കിസ്തുമസ് ദിവസം രാജ്യത്തെമ്പാടും ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ ക്രൂരമായ അക്രമങ്ങള്‍ ഭരണഘടന നല്‍കുന്ന മൗലികാവശങ്ങള്‍ക്ക് നേരെയുള്ള അക്രമമാണ് എന്ന് എ എ റഹീം എംപി.
ജമ്മുവിലും മഹാരാഷ്ട്രയിലുമായി ക്രിസ്ത്യന്‍ വൈദികര്‍ക്ക് നേരെ ഉണ്ടായ അതിക്രമങ്ങള്‍ ആസൂത്രിത അക്രമങ്ങളുടെ തുടര്‍ച്ചയാണെന്നും, പ്രധാനമന്ത്രി മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് എഎ റഹീം എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു.
ജമ്മുവിലെ ആര്‍എസ് പുരയില്‍ 13 വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന മലയാളി വൈദികനായ ബേബി ജേക്കബും കുടുംബത്തിനും നേരെ ക്രിസ്തുമസിന്റെ തലേദിവസമാണ് ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു അതിക്രമം. സമാനമായി, നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയില്‍ ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരം ക്രിസ്തുമസ് പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രാര്‍ത്ഥനാ യോഗം നടന്ന വീട്ടുടമയ്ക്കും ഭാര്യക്കുമെതിരെയും, അറസ്റ്റ് ചെയ്ത പുരോഹിതനെ കുറിച്ച് അന്വേഷിക്കാന്‍ സ്റ്റേഷനില്‍ എത്തിയ നാല് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ലെന്നും ക്രിസ്ത്യന്‍ മതവിഭാഗത്തിന് നേരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണെന്നും എ എ റഹീം എംപി പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് നിയമങ്ങളെ പോലും വളച്ചൊടിക്കുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്. ഇത് നമ്മുടെ ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരും മതേതരത്വ പ്ലൂറലിസ്റ്റിക് സ്വഭാവത്തിന് ഭീഷണിയുമാണ്.
പാസ്റ്റര്‍ ബേബി ജേക്കബും കുടുംബത്തിനുമെതിരെ അക്രമം നടത്തിയവരെ ഒരു സംരക്ഷണവും നല്‍കാതെ ഉചിതമായ ശിക്ഷ ഉറപ്പാക്കണം. നാഗ്പൂരില്‍ അറസ്റ്റ് ചെയ്ത ഫാദര്‍ സുധീറിനെയും കുടുംബത്തെയും ഉടന്‍ മോചിപ്പിക്കണം.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന മതസ്വാതന്ത്രം ഉറപ്പാക്കണമെന്നും കത്തിലൂടെ എ എ റഹീം എം പി ആവശ്യപ്പെട്ടു.