വിമാന യാത്രക്കാരിൽ വർദ്ധിച്ചുവരുന്ന ലാപ്ടോപ്പുകളുടെയും സ്മാർട്ട്‌ഫോണുകളുടെയും പവർ ബാങ്കുകളുടെയും ഉപയോഗം വ്യോമസുരക്ഷയ്ക്ക് കടുത്ത ഭീഷണിയാകുന്നതായി വിദഗ്ദ്ധ മുന്നറിയിപ്പ്
ഡല്‍ഹി: വിമാന യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജുകളില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, പവര്‍ ബാങ്കുകള്‍ എന്നിവയിലെ ലിഥിയം-അയണ്‍ ബാറ്ററികള്‍ വ്യോമസുരക്ഷയ്ക്ക് കടുത്ത ഭീഷണിയാകുന്നതായി വിദഗ്ദ്ധ മുന്നറിയിപ്പ്.
ബാറ്ററികള്‍ക്ക് തകരാര്‍ സംഭവിക്കുകയോ, അമിതമായി ചൂടാകുകയോ, ഷാക്കറ്റ് ഉണ്ടാകുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന 'തെര്‍മല്‍ റണ്‍അവേ' എന്ന പ്രക്രിയ വന്‍ തീപിടുത്തത്തിനും പുകയ്ക്കും സ്‌ഫോടനങ്ങള്‍ക്കും വഴിവെക്കുമെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
യാത്രക്കാരുടെ സൗകര്യത്തോടൊപ്പം സുരക്ഷയും എങ്ങനെ ഉറപ്പാക്കാമെന്നത് എയര്‍ലൈനുകള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വ്യാജവും ഗുണനിലവാരമില്ലാത്തതുമായ ബാറ്ററികളും പവര്‍ ബാങ്കുകളും വിപണിയില്‍ ധാരാളമുള്ളതും വിമാന സീറ്റുകള്‍ക്കിടയില്‍ പെട്ട് ഉപകരണങ്ങള്‍ അമരുന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ചെക്ക്-ഇന്‍ ബാഗേജുകളില്‍ സ്‌പെയര്‍ ബാറ്ററികള്‍ വെക്കരുതെന്നും ഹാന്‍ഡ് ബാഗേജില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉപകരണങ്ങള്‍ മാത്രമേ കരുതാവൂ എന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
ലാപ്‌ടോപ്പുകളും മറ്റും പൂര്‍ണ്ണമായി നിരോധിക്കുന്നത് പ്രായോഗികമല്ലെന്നിരിക്കെ, ജീവനക്കാര്‍ക്ക് കൃത്യമായ പരിശീലനം നല്‍കുന്നതിലും യാത്രക്കാരില്‍ അവബോധം വളര്‍ത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.