സഭയില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കണം: സിബിസിഐ വനിത കൗണ്‍സില്‍
ന്യൂഡല്‍ഹി: സി.ബി.സി.ഐ വനിതാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഓഖ്‌ല മസിഗര്‍ ദേവാലയത്തില്‍ സഭയിലെ സ്ത്രീ പങ്കാളിത്തത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. ലത്തീന്‍, സിറോ മലബാര്‍, സിറോ മലങ്കര സഭകളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുത്തു.
സി.ബി.സി.ഐ വനിതാ കൗണ്‍സില്‍ ചെയര്‍മാനും ഗുഡ്ഗാവ് രൂപതാധ്യക്ഷനുമായ ബിഷപ്പ് തോമസ് മാര്‍ അന്തോണിയോസ് ഉദ്ഘാടനം ചെയ്തു. ഫരീദാബാദ് അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യപ്രഭാഷണം നടത്തി. വൈ.ഡബ്ല്യു.സി.എ ദേശീയ പ്രസിഡന്റ് കുഞ്ഞമ്മ മാത്യു മുഖ്യാതിഥിയായിരുന്നു.
സഭയിലും സമൂഹത്തിലും തീരുമാനങ്ങള്‍ എടുക്കുന്ന നിര്‍ണ്ണായക സ്ഥാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണമെന്ന് സമ്മേളനം നിര്‍ദേശിച്ചു.
സഭയില്‍ സ്ത്രീകളുടെ നേതൃപാടവത്തെക്കുറിച്ച് സി.ബി.സി.ഐ വനിതാ കൗണ്‍സില്‍ സെക്രട്ടറി സിസ്റ്റര്‍ അഡ്വ. ആശ പോള്‍, സിസ്റ്റര്‍ അഡ്വ. മേരി സ്‌കറിയ, സിസ്റ്റര്‍ അഡ്വ. സ്നേഹ ഗില്‍, സിസ്റ്റര്‍ അഡ്വ. സയൂജ്യം എന്നിവര്‍ പ്രസംഗിച്ചു.
സഭയുടെ ഭരണസമിതികളിലും നയരൂപീകരണ തീരുമാനങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുക, സഭയ്ക്കുള്ളില്‍ സ്ത്രീകള്‍ക്ക് നേതൃപരമായ അവസരങ്ങള്‍ സൃഷ്ടിക്കുക, പ്രാദേശിക തലങ്ങളില്‍ സ്ത്രീകൂട്ടായ്മകളും ഐക്യദാര്‍ഢ്യവും വളര്‍ത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ സമ്മേളനം ഉയര്‍ത്തിക്കാട്ടി.
നീതിയും സമത്വവും ഉള്‍ക്കൊള്ളുന്ന നേതൃനിരയിലേക്ക് സംഭാവനകള്‍ നല്‍കാന്‍ സ്ത്രീകള്‍ സജ്ജരാണെന്ന പ്രത്യാശയോടെയാണ് സമ്മേളനം സമാപിച്ചത്.