സർക്കാർ ആശുപത്രികളിൽ ജീവനക്കാർ രോഗികളോട് മോശമായി പെരുമാറുന്ന സംഭവങ്ങൾ പതിവാകുന്നു. ആശുപത്രിയിൽ തിരക്ക് കുടിയതിൻ്റെ ദേഷ്യം പോലും ചില ഡോക്ടർമാർ രോഗികളോട് പ്രകടിപ്പിക്കാറുണ്ടെന്നും ആരോപണം

 
medical

കോട്ടയം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്ന രോഗികളോടും ബന്ധുക്കളോടും ചില ജീവനക്കാർ കാട്ടുന്ന മോശം പെരുമാറ്റം തിരുത്തണമെന്ന ആവശ്യം ശക്തമാകുന്നു.

 അടിയന്തര ചികിത്സ തേടിയെത്തുന്നവരോട് ദയയോടും പക്വതയോടും പെരുമാറേണ്ടതിന് പകരം, അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത് അനാസ്ഥയും കയർത്തുള്ള സംസാരവും പതിവാണ്.

ബൈസ്റ്റാൻഡർമാരോടും പ്രായമായ രോഗികളോടും ജീവനക്കാരിൽ ചിലർ മോശമായി സംസാരിക്കുന്നതും ചോദിക്കുന്നവരെ അപമാനിക്കുന്നതും ഒക്കെ പതിവാണ്.

ഡ്യൂട്ടിയിലുള്ള ഡോക്ടർമാരുടെയോ നഴ്സുമാരുടെയോ ശ്രദ്ധക്കുറവ് മൂലം തെറ്റായ മരുന്ന് നൽകൽ, സർജറിയിലെ വീഴ്ചകൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വലിയ പ്രതിഷേധത്തിന് വഴിതെളിച്ചിട്ടുണ്ട്.

കോട്ടയം മെഡിക്കൽ കോളജിൽ ഒരു വർഷമാണ് നവജാത ശിശുവിൻ്റെ ശരീരത്തിൽ സൂചിയിരുന്നത്. പക്ഷേ, വേദനയുമായി എത്തിയ കുട്ടിയെ കൃത്യമായി പരിശോധിക്കാൻ ഡോക്ടർമാർ തയാറായില്ല. 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും രോഗിയോടു ഡോക്ടർ മോശമായി പെരുമാറി.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കാഷ്വൽറ്റിയിൽ കഴിഞ്ഞ ദിവസം ചികിത്സ തേടിയെത്തിയ സ്ത്രീയോടും ഒപ്പം വന്നവരോടും അപമര്യാദയായി പെരുമാറുകയായിരുന്നു. പരാതി വന്നതോടെ ഡോക്ടറെ സ്ഥലംമാറ്റി. 

മണിക്കൂറുകളോളം വരിനിൽക്കുന്ന രോഗികളോട് ജീവനക്കാർ കാട്ടുന്ന അസഹിഷ്ണുതയും ക്രമീകരണങ്ങളുടെ അഭാവവും സാധാരണക്കാരെ വലയ്ക്കുന്നു.

മെഡിക്കൽ കോളജിലെ നഴ്സുമാരുടെ പരുഷമായ പെരുമാറ്റവും പതിവാണ്. ഇത്തരം സംഭവങ്ങൾ സർക്കാർ ആശുപത്രിയിൽ ദിനംപ്രതി അരങ്ങേറുന്നുണ്ട്.

ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സാധാരണക്കാരാണ് പ്രധാനമായും സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്.

അതുകൊണ്ടുതന്നെ, ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന മോശം അനുഭവങ്ങൾ ജനങ്ങൾക്ക് വലിയ മാനസിക വിഷമമാണ് ഉണ്ടാക്കുന്നത്.

ആശുപത്രി ജീവനക്കാർക്കായി റെഗുലർ കൗൺസിലിംഗും പെരുമാറ്റച്ചട്ട പരിശീലനവും നിർബന്ധമാക്കണമെന്നാണ് പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും പ്രധാന ആവശ്യം.

കൂടാതെ, പരാതികൾ പരിഹരിക്കാൻ ഓരോ ആശുപത്രിയിലും ശക്തമായ പബ്ലിക് റിലേഷൻസ്/ഗ്രീവൻസ് റെഡ്രസൽ സംവിധാനം കാര്യക്ഷമമാക്കണമെന്നും, ചികിത്സാ പിഴവുകളിലും വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.

Tags

Share this story

From Around the Web