തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ച സംഭവം; കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ, ഗുരുതര ആരോപണവുമായി പരിക്കേറ്റ യുവാവിന്റെ കുടുംബം, നാലു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു

 
police



തൃശൂര്‍: തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ച സംഭവം കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയെന്ന ഗുരുതര ആരോപണവുമായി പരിക്കേറ്റ യുവാവിന്റെ കുടുംബം. സംഭവത്തില്‍ പി. മഹേഷ് (എസ്എച്ച്ഒ) ഫൈസല്‍, യദുകൃഷ്ണ, നവീന്‍കുമാര്‍ എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍. ബോധപൂര്‍വ്വം ഇടിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡിംഗ് ദൃശ്യങ്ങള്‍ പരിക്കേറ്റ അമലിന്റെ മാതാവ് പ്രസന്ന ഷാജു പുറത്തുവിട്ടു. പൊലീസ് പിടിച്ചെടുത്ത അമലിന്റെ ഐഫോണില്‍ ഓട്ടോ റെക്കോര്‍ഡ് ആയ വീഡിയോയാണ് പുറത്തുവിട്ടത്.

വാഹനം കുറച്ചുകൂടി വേഗത കൂട്ടിയിരുന്നുവെങ്കില്‍ യുവാക്കള്‍ ചത്തേനെയെന്ന് വീഡിയോയില്‍ സംസാരിക്കുന്ന ആള്‍ പറയുന്നത് വ്യക്തമായി കേള്‍ക്കാം. ജീവിതത്തില്‍ ഒരിക്കലും ഇനി ഇത് മറക്കില്ല എന്നും വീഡിയോയില്‍ പറയുന്നു. ''വെള്ളത്തിലേക്ക് വണ്ടി തട്ടിയിട്ട കാര്യമൊന്നും പറയണ്ട. അവന്‍ ചാവുകയാണെങ്കില്‍ അതായിക്കോട്ടെ. 

ഒന്നും പറയണ്ട,നമ്മള്‍ അവിടെ അന്വേഷിച്ചുപോയി അതു തന്നെ. പുതുക്കാട് ഒരടിപിടി ഉണ്ടായപ്പോള്‍ നമ്മള്‍ തെരഞ്ഞുപോയി അത്ര തന്നെ. ഞാന്‍ ചവിട്ടിപ്പിടിച്ചതുകൊണ്ടാ തട്ടിയത്. അല്ലെങ്കില്‍ ഇതൊന്നുമല്ല, പറന്നുപോയെനെ.ചാവുമെന്ന് ഉറപ്പുമല്ലേ..അലക്കികളയണമെങ്കില്‍ നല്ല പെടപെടച്ചാല്‍ ഉറപ്പായും ചാവും'' എന്നാണ് പൊലീസുകാര്‍ തമ്മില്‍ പറയുന്നത്.

സംഭവത്തില്‍ കുടുംബം ഐജി പി. വിജയന് പരാതി നല്‍കിയിട്ടുണ്ട്. പരിക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ നാലു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വീഡിയോ പുറത്തായതിന് ശേഷമാണ് സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്.


സംഭവത്തില്‍ കേസെടുക്കാതെ പൊലീസ് ഒത്തു കളിക്കുന്നുവെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ അമല്‍, വിഷ്ണു, അഭിഷേക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് പരിക്കേറ്റ യുവാവിന്റെ മാതാവ് പ്രസന്ന ഷാജു പറഞ്ഞു.

കഴിഞ്ഞ ജൂലൈ 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തട്ടുകടയിലുണ്ടായ ചെറിയ തര്‍ക്കത്തിന് പിന്നാലെയാണ് പൊലീസുകാര്‍ വാഹനം പിന്തുടര്‍ന്ന് അമല്‍, വിഷ്ണു, അഭിഷേക് എന്നീ യുവാക്കള്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിച്ചു തെറിപ്പിച്ചത്.

Tags

Share this story

From Around the Web