'ഏത് ഞരമ്പില്‍ കുത്തിയാലാണ് മരിക്കുക'; മകനെയും ഭര്‍ത്താവിനെയും കൊന്നു; പൊലീസിനെ വിളിച്ച് യുവതിയുടെ വിചിത്ര ആവശ്യം

 
UIO



ഒരു യുവതി നടത്തിയ കൊലപാതക പരമ്പരകളുടെ ഭയാനകമായ വാര്‍ത്തയാണ് യുഎസ് പെന്‍സില്‍വേനിയയില്‍ നിന്ന് പുറത്തുവരുന്നത്. ഇരുപത്തേഴുകാരി തന്റെ ഭര്‍ത്താവിനെയും മൂന്നുവയസുകാരനായ മകനെയും കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. 


പ്രശസ്തമായ പൊകൊനോസ് മലനിരകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് യുവതി ക്രൂരകൃത്യം നടത്തിയത്. യുഎസിലെ എമര്‍ജന്‍സി ഫോണ്‍ നമ്പറായ 911ലേക്ക് മെറ്റാലിക്ക റോസ് ഹാരിസണ്‍ എന്ന യുവതിയുടെ ഫോണ്‍ സന്ദേശമെത്തുന്നു. ഏത് ഞരമ്പില്‍ കുത്തിയാലോ മുറിച്ചാലോ ആണ് മരണപ്പെടുക എന്നായിരുന്നു വിളിച്ചയാള്‍ക്ക് അറിയേണ്ടിയിരുന്നത്. 


തന്റെ ഭര്‍ത്താവ് ടെഡ് ഹാരിസണും മകനും മരിച്ചെന്നും അവര്‍ കിടക്കയില്‍ ആണെന്നും യുവതി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് 'അവര്‍ പോയി, എന്നോട് ക്ഷമിക്കണം' എന്ന് യുവതി പറഞ്ഞതോടെയാണ് പൊലീസിന് സംഭവത്തിന്റെ ഗൗരവം മനസിലാകുന്നത്.


വൈകാതെ പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ യുവതി സ്വന്തം കഴുത്തറുക്കാന്‍ ശ്രമിക്കുകയും കൈഞരമ്പുകള്‍ മുറിക്കുകയും ചെയ്തിരുന്നു. മകന്റെയും ഭര്‍ത്താവിന്റയും മൃതദേഹങ്ങള്‍ നെഞ്ച് കുത്തിക്കീറിയ നിലയിലായിരുന്നു. യുവതിയുടെ മുറിവുകള്‍ ആഴത്തിലല്ലായിരുന്നതിനാല്‍ ഇവരെ പരുക്കുകളോടെ ആറസ്റ്റ് ചെയ്തു.


താന്‍ എല്ലാ ദിവസവും കുടുംബത്തിനായി കഠിനാധ്വാനം ചെയ്യുന്ന അമ്മയാണെന്ന് അറസ്റ്റിനിടെ യുവതി വിളിച്ചുപറയുന്നുണ്ടായിരുന്നു. തന്റെ മകന് ഈ വിധിയല്ല വരേണ്ടിയിരുന്നത് എന്നും ഇവര്‍ പറഞ്ഞു. തന്നെ ചികില്‍സിച്ച നഴ്‌സുമാരോട് ഏത് ഞരമ്പില്‍ എത്ര ആഴത്തില്‍ മുറിച്ചാലാണ് മരിക്കുക എന്ന് യുവതി ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മുറിയില്‍ നിന്നും രക്തം പുരണ്ട രണ്ട് കത്തികളടക്കം തൊണ്ണൂറോളം തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതകകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Tags

Share this story

From Around the Web