മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവരുന്നത് നിരവധി ക്രൂരതകള്‍
പാലക്കാട്: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവരുന്നത് നിരവധി ക്രൂരതകള്‍. വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്താണ് രാഹുലിനെ പരിചയപ്പെടുന്നതെന്നും സമൂഹമാധ്യമം വഴിയാണ് പരിചയപ്പെട്ടതെന്നും യുവതി.
പ്രണയബന്ധം സ്ഥാപിക്കുകയും വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് രാഹുല്‍ വാഗ്ദാനം നല്‍കി.
തന്നെ വിട്ടുപോകാതിരിക്കാന്‍ ഒരു കുഞ്ഞ് വേണം എന്ന് രാഹുല്‍ നിര്‍ബന്ധിച്ചെന്നും ഒരു കുഞ്ഞുണ്ടായാല്‍ വീട്ടില്‍ വിവാഹത്തിന് വളരെ വേഗം സമ്മതിക്കുമെന്നും പറഞ്ഞെന്നും യുവതി പൊലീസിനോട് വീഡിയോ കോണ്‍ഫറസിലൂടെ വ്യക്തമാക്കി.
നേരില്‍ കാണാന്‍ രാഹുല്‍ ആഗ്രഹം പ്രകടിപ്പിച്ചു. റെസ്റ്റോറന്റില്‍ കാണാം എന്ന് പറഞ്ഞപ്പോള്‍ വരാന്‍ വൈകും എന്നായിരുന്നു മറുപടി.
പൊതുപ്രവര്‍ത്തകന്‍ ആയതിനാലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയം ആയതിനാലും പൊതുവിടത്തില്‍ കാണാനാകില്ലെന്ന് രാഹുല്‍ പറഞ്ഞു. ഒരു ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച് അവിടെ റൂം ബുക്ക് ചെയ്യാന്‍ പറഞ്ഞു.
അതനുസരിച്ച് റൂം ബുക്ക് ചെയ്ത് കാത്തിരുന്നു. റൂമില്‍ എത്തിയപാടെ ഒരു വാക്ക് പോലും പറയുംമുമ്പേ തന്നെ കടന്നാക്രമിച്ചു. ക്രൂരമായ ലൈംഗികാക്രമണമാണ് നേരിടേണ്ടി വന്നത്.
മുഖത്ത് അടിക്കുകയും മുഖത്ത് തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാവുകയും ചെയ്തു. ഓവുലേഷന്‍ ഡേറ്റ് ആണെന്ന് പറഞ്ഞിട്ടും കുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനു ശേഷം വീണ്ടും തന്നെ കാണണം എന്ന് ആവശ്യപ്പെട്ടെങ്കിലും പോയില്ല. ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചപ്പോള്‍ അസഭ്യം പറയുകയും അധിഷേപിക്കുകയും ചെയ്തു.
മറ്റ് ആരുടെയെങ്കിലും കുഞ്ഞാകും എന്ന് പറഞ്ഞും അധിക്ഷേപിച്ചു. അതില്‍ മനംനൊന്താണ് ഡിഎന്‍എ പരിശോധനയ്ക്ക് പോയത്. രാഹുലിന്റെ ഭാഗത്തുനിന്ന് ഗര്‍ഭഛിദ്രത്തിനുള്ള കടുത്ത സമ്മര്‍ദം ഉണ്ടായി. സ്ലട്ട് ഷേമിങ്ങും ഭീഷണികളും കടുത്ത ശാരീരിക- മാനസിക സമര്‍ദത്തില്‍ ആക്കി.
തുടര്‍ന്ന് അബോര്‍ഷന്‍ വിവരം പറയാന്‍ വിളിച്ചപ്പോള്‍ ഫോണില്‍ ബ്ലോക്ക് ചെയ്തു. ഇ-മെയില്‍ വഴി വിവരം അറിയിച്ചെങ്കിലും മറുപടി ഉണ്ടായില്ല. ഈ അബോര്‍ഷനെ തുടര്‍ന്ന് കടുത്ത ശാരീരിക- മനസിക പ്രശ്‌നങ്ങള്‍ ഇപ്പോഴും അനുഭവിക്കുന്നതായും യുവതി പൊലീസിനോട് വ്യക്തമാക്കി.
പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്ന് അര്‍ധരാത്രിയോടെ കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇവിടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ഇതിന് ശേഷം കോടതിയില്‍ ഹാജരാക്കും. അതേസമയം, നടന്നത് പീഡനമല്ല, ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണെന്നാണ് രാഹുലിന്റെ മൊഴി.