സാങ്കേതിക പുരോഗതിയുടെ, മധ്യത്തിൽ മനുഷ്യൻ ശരിയായ ദിശ വിവേചിച്ചറിയണം: കർദിനാൾ പിയെത്രോ പരോളിൻ
ദ്രുതഗതിയിലുള്ളതും ആഴമേറിയതും ഉത്തരവാദിത്തമുള്ളതുമായ പരിവർത്തനങ്ങളാൽ അടയാളപ്പെടുത്തപ്പെട്ട ഒരു സമയത്ത്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്റെ ആദ്യ ചാക്രികലേഖനമായ "മാഞ്ഞിഫിക്ക ഹുമാനിത്താസ്" കൃതജ്ഞതാഭരിതമായ ഹൃദയത്തോടെ സ്വീകരിക്കാം എന്ന വാക്കുകളോടെയാണ്, പ്രകാശന കർമ്മവേളയിൽ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ തന്റെ സന്ദേശം ആരംഭിച്ചത്. ലേഖനത്തിന്റെ ഉപശീർഷകമായ, 'നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം' എന്നത്, ലേഖനത്തിന്റെ ആകെയുള്ള അർത്ഥം വെളിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു യുഗത്തിലെ വഴിത്തിരിവായി അവതരിപ്പിക്കപ്പെടുന്ന് നിർമ്മിത ബുദ്ധിയുടെ ആവിർഭാവത്തിൽ, മനുഷ്യരാശിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യവും ഉൾക്കൊള്ളുന്നുവെന്നും കർദിനാൾ പറഞ്ഞു.
ഡിജിറ്റൽ പരിവർത്തനത്തിൽ സമകാലിക ജീവിതത്തിലൂടെ കടന്നുപോകുന്ന പല പ്രശ്നങ്ങളും അപവർത്തിക്കപ്പെടുന്നുവെന്നും, ഇത്തരുണത്തിൽ, ഈ ചാക്രികലേഖനം, സഭയുടെ സാമൂഹിക സിദ്ധാന്തത്തിന്റെ മൂർത്തമായ പ്രവർത്തനങ്ങളെ യോജിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നൂറ്റിമുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ്, റേരും നൊവാരും ചാക്രിക ലേഖനം വഴിയായി, ലിയോ പതിമൂന്നാമൻ പാപ്പാ, തന്റെ കാലത്തെ വ്യാവസായിക പരിവർത്തനങ്ങളിൽ അഗാധമായ മാനുഷികവും സാമൂഹികവുമായ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞതുപോലെ,
ഇന്ന്, ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ശക്തിക്ക് മുന്നിൽ, ചരിത്രത്തിന്റെ പുതിയ അവസ്ഥ വിവേചിക്കാനും സുവിശേഷത്തിന്റെ വെളിച്ചത്തിൽ, മുഴുവൻ മനുഷ്യ കുടുംബത്തിന്റെയും നന്മയ്ക്കായി ഒരു സംഭാവന നൽകാനും സഭ വീണ്ടും വിളിക്കപ്പെടുന്നുവെന്നു കർദിനാൾ ചൂണ്ടിക്കാട്ടി.
അക്കാലത്ത്, സാമൂഹിക പരിവർത്തനത്തിന് വഴികാട്ടിയ പ്രധാന സാമ്പത്തിക, രാഷ്ട്രീയ, വ്യാവസായിക വിഷയങ്ങളുമായി നേരിട്ട് സംഭാഷണത്തിൽ ഏർപ്പെടാൻ സഭയ്ക്ക് എല്ലായ്പ്പോഴും സാധ്യമായിരുന്നില്ലെങ്കിൽ, ഇന്ന് ഈ ചർച്ചകൾ ഉടനടി സാധ്യമാകുന്നുവെന്നും, ഇതൊരു പ്രധാന പുതുമയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മറ്റുള്ളവരുമായി ചേർന്ന് പ്രവർത്തിക്കുന്ന ശൈലിയാണ് സഭ കൈക്കൊള്ളുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "ഓരോ തലമുറയും സ്വന്തം യുഗം രൂപപ്പെടുത്താനുള്ള ദൗത്യം അവകാശമാക്കണമെന്ന" പരിശുദ്ധ പിതാവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, അന്തസ്സിന്റെയും, നീതിയുടെയും, സാഹോദര്യത്തിന്റെയും ഊഷ്മളത ഊട്ടിയുറപ്പിക്കുവാൻ ഇവർക്കുമുള്ള ഉത്തരവാദിത്വവും കർദിനാൾ അനുസ്മരിച്ചു.
നിർമ്മിതബുദ്ധിയുടെ യുഗത്തിൽ, മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുക എന്നതിനർത്ഥം മനുഷ്യത്വരഹിതവൽക്കരണത്തിന്റെ പുതിയ രൂപങ്ങളെ നിരീക്ഷിക്കുകയും മനുഷ്യന്റെ മഹത്വത്തോട് വിശ്വസ്തത പുലർത്തുകയും ചെയ്യുക എന്നതാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.