'മാര്‍ത്തോമാ സഭയില്‍ വിവാഹത്തിന് മുമ്പ് വധൂവരന്മാര്‍ക്ക് എച്ച്ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കണം'; വൈദിക ട്രസ്റ്റി
തിരുവനന്തപുരം: മാര്‍ത്തോമാ സഭയില്‍ വിവാഹത്തിന് മുന്‍പ് വധൂവരന്മാര്‍ക്ക് എച്ച്ഐവി പരിശോധന നിര്‍ബന്ധമാക്കണമെന്ന് സഭാ വൈദിക ട്രസ്റ്റി റവ. ഡോ. കെ. തോമസ്. ആഗസ്റ്റ് 30 ന് തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളില്‍ നടന്ന കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കര്‍ണാടക ഗവണ്‍മെന്റ് അവിടുത്തെ എല്ലാ ക്യാമ്പസുകളിലും എച്ച്‌ഐവി ടെസ്റ്റുകള്‍ നടത്തുകയാണ്. ഞാന്‍ ഒന്നുകൂടെ ശബ്ദം താഴ്ത്തി പറയാം തിരുമേനി ഇരിക്കുന്നത് കൊണ്ട്. ഞാന്‍ വിശ്വസിക്കുന്നു, മാര്‍ത്തോമാ സഭയില്‍ നടക്കേണ്ട വിവാഹങ്ങളെല്ലാം ഇത്തരത്തിലുള്ള ടെസ്റ്റുകള്‍ക്ക് വിധേയമായതിനു ശേഷം മാത്രമേ നടത്താവൂ എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.' എന്നാണ് വൈദികന്‍ പറഞ്ഞത്.
കര്‍ണാടകയിലെ കോളജുകളില്‍ എച്ച്‌ഐവി പരിശോധന നിര്‍ബന്ധമാക്കിയെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ കര്‍ണാടക സ്റ്റേറ്റ് എയ്ഡ്‌സ് പ്രിവന്‍ഷന്‍ സൊസൈറ്റി തള്ളിയിരുന്നു. സംസ്ഥാനത്തെ 7,000 കോളജ് വിദ്യാര്‍ഥികള്‍ക്ക് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചു എന്ന മാധ്യമ റിപ്പോര്‍ട്ടുകളും സൊസൈറ്റി പൂര്‍ണമായി തള്ളി. ഔദ്യോഗിക കണക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കാന്‍ ഇടയാക്കിയതെന്ന് ജൂലൈ 29-ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സൊസൈറ്റി വ്യക്തമാക്കി. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ മാധ്യമങ്ങള്‍ ഔദ്യോഗിക വിശദീകരണം പ്രസിദ്ധീകരിക്കണമെന്നും കര്‍ണാടക സ്റ്റേറ്റ് എയ്ഡ്‌സ് പ്രിവന്‍ഷന്‍ സൊസൈറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.