കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി; ജാഗ്രതാ നിർദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

 
HEAT

കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ആരോഗ്യ-സുരക്ഷാ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ തുടര്‍ച്ചയായി ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് അള്‍ട്രാവയലറ്റ് സൂചിക ഏറ്റവും ഉയര്‍ന്ന നിലയില്‍ രേഖപ്പെടുത്തുന്നത്. അതിനാല്‍ ഈ സമയത്ത് നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബൈക്ക് യാത്രക്കാര്‍, പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ ജലാശയങ്ങളിലും പോകുന്ന മത്സ്യത്തൊഴിലാളികള്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്ക് പുറമെ ചര്‍മ്മ-നേത്ര രോഗങ്ങളുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.


വെയിലത്ത് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുക.

ശരീരം മുഴുവന്‍ മറയുന്ന രീതിയിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഉചിതമായിരിക്കും. യാത്രയ്ക്കിടയില്‍ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

മലമ്പ്രദേശങ്ങളിലുംഉഷ്ണമേഖലാ പ്രദേശങ്ങളിലും പൊതുവെ UV സൂചിക ഉയര്‍ന്നു നില്‍ക്കാന്‍ സാധ്യതയുണ്ട്. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും വികിരണങ്ങള്‍ ശക്തമായിരിക്കാം.

പൊതുജനങ്ങള്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web