വരും നാളുകളില്‍ നമ്മിലും നമുക്ക് ചുറ്റിലും അവിടുത്തെ കൃപയുടെയും കരുണയുടെയും അത്ഭുതങ്ങള്‍ നവീകരിക്കണമേയെന്ന് അപേക്ഷിക്കുകയാണെന്നു ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: വരും നാളുകളില്‍ നമ്മിലും നമുക്ക് ചുറ്റിലും അവിടുത്തെ കൃപയുടെയും കരുണയുടെയും അത്ഭുതങ്ങള്‍ നവീകരിക്കണമേയെന്ന് അപേക്ഷിക്കുകയാണെന്നു ലെയോ പാപ്പ. ഇന്നലെ 2025-ലെ അവസാനദിനമായ ഡിസംബര്‍ 31-ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയില്‍ സംസാരിക്കുകയായിരിന്നു പാപ്പ.
കഴിഞ്ഞുപോകുന്ന ഈ വര്‍ഷത്തില്‍ ഏറെ പ്രധാനപ്പെട്ട പല കാര്യങ്ങളും നടന്നു: വിശുദ്ധവര്‍ഷത്തിന്റെ അവസരത്തില്‍ നിരവധി വിശ്വാസികള്‍ നടത്തിയ തീര്‍ത്ഥാടനം പോലെ ചിലത് സന്തോഷപ്രദമായിരുന്നു;
പ്രിയപ്പെട്ട ഫ്രാന്‍സിസ് പാപ്പായുടെ വിയോഗവും, ഭൂമിയെ ദുഖത്തിലാഴ്ത്തികൊണ്ട് തുടരുന്ന യുദ്ധദൃശ്യങ്ങളും പോലെ ചിലത് ദുഃഖകരമായിരുന്നുവെന്നു പാപ്പ അനുസ്മരിച്ചു.
വിശുദ്ധ പൗലോസ് എഫേസോസുകാര്‍ക്ക് എഴുതിയ ലേഖനം മൂന്നാം അദ്ധ്യായം ഇരുപതും ഇരുപത്തിയൊന്നും വാക്യങ്ങളെ ആധാരമാക്കിയായിരുന്നു പാപ്പ നടത്തിയ ഉദ്ബോധനം. 'നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതല്‍ ചെയ്തുതരാന്‍ കഴിയുന്ന അവിടുത്തേക്ക് സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമേന്‍.' (എഫേ 3:20-21). വചനവായനയ്ക്ക് ശേഷം പരിശുദ്ധ പിതാവ് ഇറ്റാലിയന്‍ ഭാഷയില്‍ തന്റെ പ്രഭാഷണം നടത്തി.
ഈ മനോഭാവങ്ങളോടെ, കര്‍ത്താവ് നമുക്കായി കഴിഞ്ഞ വര്‍ഷം ചെയ്തുതന്ന കാര്യങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യാനായാണ് ഇന്ന് നാം വിളിക്കപ്പെട്ടിരിക്കുന്നത്. അതോടൊപ്പം സത്യസന്ധമായ ആത്മപരിശോധന നടത്താനും, അവിടുന്നു നമുക്ക് നല്‍കിയ ദാനങ്ങളോടുള്ള നമ്മുടെ പ്രതികരണം എപ്രകാരമായിരുന്നുവെന്ന് വിലയിരുത്താനും, അവന്‍ നമുക്കേകിയ പ്രചോദനങ്ങളെ വിലമതിക്കാനും, അവന്‍ നമ്മില്‍ ഭരമേല്പിച്ചിരുന്ന താലന്തുകള്‍ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ നിക്ഷേപിക്കാനും സാധിക്കാതിരുന്ന (മത്തായി 25, 14-30) നിമിഷങ്ങളെയോര്‍ത്ത് ക്ഷമ യാചിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും, പത്രോസിന്റെ കല്ലറയ്ക്കരികിലെത്തി പ്രാര്‍ത്ഥിക്കാനും, ക്രിസ്തുവിനോടൊപ്പമായിരിക്കാനുള്ള അവരുടെ തീരുമാനം ഉറപ്പിക്കാനുമായി ഒരുപാട് തീര്‍ത്ഥാടകര്‍ ഈ വര്‍ഷം ഇവിടെത്തി. നമ്മുടെ ജീവിതം തന്നെ ഒരു യാത്രയാണെന്നും, അതിന്റെ ആത്യന്തിക ലക്ഷ്യം സ്ഥലകാലങ്ങള്‍ കഴിഞ്ഞ് പോകുന്നതാണെന്നും, ദൈവവുമായുള്ള കണ്ടുമുട്ടലിലും, അവനുമായുള്ള പൂര്‍ണ്ണവും ശാശ്വതവുമായ കൂട്ടായ്മയിലും ആണ് പൂര്‍ത്തീകരിക്കപ്പെടുക എന്നുമാണ് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്നും പാപ്പ പറഞ്ഞു. (കത്തോലിക്കാസഭയുടെ ഔദ്യോഗിക മതബോധനഗ്രന്ഥം, 1024).