ഫ്രാന്‍സില്‍ ക്രൈസ്തവ സമൂഹത്തിനും ആരാധനാലയങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളിലും അതിക്രമങ്ങളിലും വന്‍ വര്‍ധനവ്
ഫ്രാൻസിൽ ക്രൈസ്തവ സമൂഹത്തിനും ആരാധനാലയങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളിലും അതിക്രമങ്ങളിലും വൻ വർധനവുണ്ടായതായി ഫ്രഞ്ച് സർക്കാരിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. ദൈവാലയങ്ങളെയും സ്ഥാപനങ്ങളെയും ആക്രമിക്കുന്നതിന് പുറമെ, വ്യക്തിഗതമായി ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള അതിക്രമങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയതായി യൂറോപ്പിലെ ക്രൈസ്തവർക്കെതിരെയുള്ള അസഹിഷ്ണുതയും വിവേചനവും നിരീക്ഷിക്കുന്ന സംഘടനയായ OIDAC Europe വ്യക്തമാക്കി. സർക്കാർ കണക്കുകൾ വിശകലനം ചെയ്തുകൊണ്ട് ഒ.ഐ.ഡി.എ.സി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ആശങ്കാജനകമായ കണ്ടെത്തലുകളാണ് ഉള്ളത്. ക്രൈസ്തവ സമൂഹത്തിലെ വ്യക്തികളെ ലക്ഷ്യമിട്ടുള്ള ശാരീരിക ആക്രമണ സംഭവങ്ങൾ മുൻവർഷത്തേക്കാൾ ഇരട്ടിയായി വർധിച്ചു. വൈദികർക്കും മറ്റ് സഭാ ഭാരവാഹികൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളിൽ നാലിരട്ടി വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ദൈവാലയങ്ങളിലെ പ്രാർഥനകളും ആരാധനാ ശുശ്രൂഷകളും തടസ്സപ്പെടുത്തുന്നതിലും വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നതിലും 86 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്.