സെര്‍ച്ച് എഞ്ചിനുകളുടെയും എ ഐ യുടെയും കാലത്ത് സഭയ്ക്ക് കലാകാരന്മാരെ ആവശ്യമുണ്ട്: ലെയോ പാപ്പ
സെര്‍ച്ച് എഞ്ചിനുകളുടെയും എ ഐ യുടെയും ഈ ആധുനിക കാലഘട്ടത്തില്‍ സുവിശേഷം കൂടുതല്‍ എളുപ്പത്തില്‍ ആളുകളിലേക്ക് എത്തിക്കാന്‍ കത്തോലിക്കാ സഭയ്ക്ക് കലാകാരന്മാരുടെ സഹായം അത്യന്താപേക്ഷിതമാണെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു. വത്തിക്കാനിലെ 'ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് എജ്യുക്കേഷന്‍' സംഘടിപ്പിച്ച ''ദി ആര്‍ട്ട് ഓഫ് പോസിബിലിറ്റി: വീവിംഗ് ടുഗെദര്‍'' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാപ്പ.
യന്ത്രങ്ങള്‍ ദശലക്ഷക്കണക്കിന് ചിത്രങ്ങള്‍ വിശകലനം ചെയ്ത് ഉണ്ടാക്കുന്ന ചിത്രങ്ങളും മനുഷ്യന്റെ യഥാര്‍ഥ സര്‍ഗാത്മകതയും തമ്മില്‍ വലിയ അന്തരം ഉണ്ടെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ദൈവത്തിന്റെയും ആത്മീയതയുടെയും ലോകത്തെ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ കലാകാരന്മാര്‍ക്ക് സാധിക്കുമെന്നും, അതിനാല്‍ സഭ കലാകാരന്മാരുമായുള്ള ബന്ധം പുതുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പാപ്പ വ്യക്തമാക്കി.