21-ാം നൂറ്റാണ്ടില്‍ ലാറ്റിന്‍ അമേരിക്കയില്‍ മാത്രം ക്രൈസ്തവ വിശ്വാസത്തിനും സാമൂഹിക നീതിക്കും വേണ്ടി ജീവന്‍ ബലി കഴിച്ചത് 304 ക്രൈസ്തവര്‍

 
CHRISTIANS



വത്തിക്കാന്‍ സിറ്റി: 21-ാം നൂറ്റാണ്ടില്‍ ലാറ്റിന്‍ അമേരിക്കയില്‍ മാത്രം ക്രൈസ്തവ വിശ്വാസത്തിനും സാമൂഹിക നീതിക്കും വേണ്ടി ജീവന്‍ ബലി കഴിച്ചത് 304 ക്രൈസ്തവരെന്ന് ഔദ്യോഗിക കണക്ക്. വത്തിക്കാന്‍ സമാഹരിച്ചുകൊണ്ടിരിക്കുന്ന പുതിയ നൂറ്റാണ്ടിലെ രക്തസാക്ഷികളുടെ ആഗോള പട്ടികയിലാണ് കണക്കുകളുള്ളത്. 

വിശ്വാസം ഏറ്റുപറഞ്ഞതിന്റെ പേരിലും പാവപ്പെട്ടവര്‍ക്കായി നിലകൊണ്ടതിനും, സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനും, പ്രകൃതി ചൂഷണങ്ങള്‍ക്കെതിരെ പോരാടിയതിനുമാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മിഷ്ണറിമാര്‍ക്ക് പുറമെ സാധാരണക്കാരായ അല്മായരും ജീവന്‍ വെടിഞ്ഞവരുടെ പട്ടികയിലുണ്ട്. വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കര്‍ദിനാള്‍ മാര്‍സെല്ലോ സെമെരാരോയാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കിയത്. ക്രിസ്തു വിശ്വാസം ഏറ്റുപറഞ്ഞതിന് പുറമെ, മയക്കുമരുന്ന് മാഫിയകള്‍, വനനശീകരണം, പ്രകൃതിവിഭവങ്ങളുടെ നിയമവിരുദ്ധമായ ചൂഷണം എന്നിവയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയതിനും അനേകര്‍ കൊല്ലപ്പെട്ടു.

ഗോത്രവര്‍ഗ്ഗ മേഖലകളിലെ വനനശീകരണത്തിനെതിരെയും അനധികൃത ഖനനങ്ങള്‍ക്കെതിരെയും സുവിശേഷമൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ഇവര്‍ നിലകൊണ്ടപ്പോള്‍, അത് ക്രിമിനല്‍-സാമ്പത്തിക താല്പര്യങ്ങള്‍ക്ക് തടസ്സമായി മാറുകയായിരിന്നുവെന്നും അങ്ങനെയാണ് നരഹത്യ നടന്നതെന്നും കര്‍ദ്ദിനാള്‍ മാര്‍സെല്ലോ സെമെരാരോ പറഞ്ഞു. ഈ നൂറ്റാണ്ടില്‍ ലോകമെമ്പാടുമായി രക്തസാക്ഷിത്വം വരിച്ച 1,700-ലധികം പേരുടെ വിവരങ്ങള്‍ വത്തിക്കാന്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്.

Tags

Share this story

From Around the Web