140 അംഗങ്ങളുള്ള നിയമസഭയിൽ ഇത്തവണ വിജയിച്ച് എത്തുന്നത് 11 വനിതകൾ.  ലീഗ് ആദ്യമായി ഒരു വനിതയെ പേരാമ്പ്രയിൽ നിന്നും സഭയിൽ എത്തിക്കുന്നു

 
K k rama

തിരുവനന്തപുരം: 140 അംഗങ്ങളുള്ള നിയമസഭയിൽ ഇത്തവണ വിജയിച്ച് എത്തുന്നത് 11 വനിതകൾ.

മന്ത്രി, മുന്നണി കൺവീനർ, സിറ്റിംഗ് എംഎൽഎമാർ എന്നിങ്ങനെ പ്രമുഖരെ പരാജയപ്പെടുത്തിയാണ് ഇവരുടെ വരവ്.

ലീഗ് ആദ്യമായി ഒരു വനിതയെ പേരാമ്പ്രയിൽ നിന്നും സഭയിൽ എത്തിക്കുകയാണ്. കെ.കെ. രമ. റിക്കോർഡ് ഭൂരിപക്ഷത്തോടെ ഉമാ തോമസ്.

ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒമ്പത് പേർ യു.ഡി.എഫിൽ നിന്നുള്ളവരും രണ്ട് പേർ ഇടതുപക്ഷത്ത് നിന്നുള്ളവരുമാണ്.

 വടകര മണ്ഡലത്തിൽ നിന്ന് ഇത് രണ്ടാം തവണയാണ് ആർ.എം.പി സ്ഥാനാർത്ഥിയായി കെ.കെ. രമ നിയമസഭയിലേക്ക് എത്തുന്നത്.

ആർ.ജെ.ഡിയിലെ എം.കെ. ഭാസ്കരനെ 14,862 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് രമ തന്റെ വിജയം ഉറപ്പിച്ചത്. 

പേരാമ്പ്രയിൽ മുസ്ലിം ലീഗിന്റെ അഡ്വ. ഫാത്തിമ തഹ്ലിയ ചരിത്രപരമായ വിജയമാണ് നേടിയത്.

 ലീഗിന്റെ ആദ്യ വനിതാ എം.എൽ.എ എന്ന തിളക്കത്തോടെയാണ് ഫാത്തിമ സഭയിലെത്തുന്നത്.

സി.പി.എമ്മിലെ ടി.പി. രാമകൃഷ്ണനെ 5,087 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കരുത്ത് തെളിയിച്ചത്.

തൃക്കാക്കര മണ്ഡലത്തിൽ റിക്കോർഡ് ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് രണ്ടാം തവണയും വിജയിച്ചത്.

കലൂർ സ്റ്റേഡിയത്തിൽ വച്ചുണ്ടായ ഗുരുതര പരിക്കിനെ അതിജീവിച്ച് രാഷ്ട്രീയത്തിൽ സജീവമായ ഉമ തോമസ്, സി.പി.എമ്മിലെ അഡ്വ. പുഷ്പ ദാസിനെ 50,211 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

കടുത്ത പോരാട്ടം നടന്ന അരൂരിൽ കോൺഗ്രസിന്റെ അഡ്വ. ഷാനിമോൾ ഉസ്മാൻ സി.പി.എമ്മിലെ ദലീമയിൽ നിന്ന് സീറ്റ് തിരിച്ചുപിടിച്ചു.

 അഞ്ച് വർഷം മുമ്പ് നഷ്ടപ്പെട്ട മണ്ഡലം 9,324 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാനിമോൾ സ്വന്തമാക്കിയത്.

ഇടതിന്റെ കുത്തക സീറ്റായ എലത്തൂരിൽ വലിയ അട്ടിമറിയാണ് അരങ്ങേറിയത്. കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. വിദ്യ ബാലകൃഷ്ണൻ മന്ത്രി എ.കെ. ശശീന്ദ്രനെ 12,162 വോട്ടുകൾക്ക് പരാജയപ്പെടുത്തി ഉജ്ജ്വല മുന്നേറ്റം നടത്തി.

മാനന്തവാടിയിലും സമാനമായ അട്ടിമറി വിജയം കോൺഗ്രസിലെ ഉഷ വിജയൻ സ്വന്തമാക്കി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ ഒ.ആർ. കേളുവിനെ 10,543 വോട്ടുകൾക്ക് പിന്നിലാക്കിയാണ് ഉഷ വിജയൻ സഭയിലെത്തുന്നത്.

ആറ്റിങ്ങലിൽ സി.പി.എമ്മിലെ ഒ.എസ്. അംബിക ബി.ജെ.പിയിലെ അഡ്വ. പി. സുധീറിനെ 13,375 വോട്ടുകൾക്ക് പരാജയപ്പെടുത്തി സീറ്റ് നിലനിറുത്തി.

 കൊല്ലത്ത് കോൺഗ്രസിന്റെ ബിന്ദു കൃഷ്ണ സി.പി.എമ്മിലെ എസ്. ജയമോഹനെ 16,830 വോട്ടുകൾക്ക് പരാജയപ്പെടുത്തി ശ്രദ്ധേയമായ വിജയം നേടി.

ചിറയിൻകീഴിൽ കോൺഗ്രസിന്റെ രമ്യ ഹരിദാസ് സി.പി.ഐയിലെ മനോജ് എടമനയെ 1,422 വോട്ടുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ, കൊങ്ങാട് മണ്ഡലത്തിൽ ചരിത്രാദ്ധ്യാപികയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ തുളസി സിറ്റിംഗ് എം.എൽ.എ കെ. ശാന്തകുമാരിയെ 3,706 വോട്ടുകൾക്ക് തോൽപ്പിച്ചു.

 തൃശൂർ ജില്ലയിലെ നാട്ടികയിൽ സി.പി.ഐയിലെ ഗീത ഗോപി കോൺഗ്രസിലെ അഡ്വ. സുനിൽ ലാലൂരിനെ 7,093 വോട്ടുകൾക്ക് പരാജയപ്പെടുത്തി വിജയം കൊയ്തു.

Tags

Share this story

From Around the Web